വിദ്യാര്‍ത്ഥികളുടെ ആധാര്‍ പുതുക്കല്‍ ഒരു ലക്ഷത്തിലധികം സ്‌കൂളുകളില്‍ പൂര്‍ത്തിയായി 

2025 ഒക്ടോബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് 15 പ്രായ പരിധിയിലുള്ള കുട്ടികള്‍ക്ക് ആധാറില്‍ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കല്‍ സൗജന്യമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി : യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇന്ത്യയിലുടനീളമുള്ള 1,03,000ത്തിലധികം സ്‌കൂളുകളില്‍ ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കി. ഇതിലൂടെ ഏകദേശം 1.2 കോടി സ്‌കൂള്‍ കുട്ടികളെ അവരുടെ സ്‌കൂളുകളില്‍ വെച്ചു തന്നെ ഇതുവരെ  എം.ബി.യു പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവരവിനിമയ സംവിധാനമായ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യൂക്കേഷന്‍ പ്ലസ് (യു.ഡി.ഐ.എസ്.ഇ പ്ലസ്) ആപ്ലിക്കേഷനുമായുള്ള  സാങ്കേതിക സംയോജനത്തിന് ശേഷം, 2025 സെപ്റ്റംബറിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള എം.ബി.യു തീവ്രയജ്ഞ കാമ്പയിന് യു.ഐ.ഡി.എ.ഐ തുടക്കമിട്ടത്. കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ യു.ഡി.ഐ.എസ്.ഇ പ്ലസുമായുള്ള സംയോജനം, സ്‌കൂളുകളിലെ കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിന്റെ സ്ഥിതി ദൃശ്യമാക്കാന്‍ വഴിയൊരുക്കി. ആധാര്‍ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ നടത്തേണ്ട കുട്ടികളെ കണ്ടെത്താനും, എം.ബി.യു പൂര്‍ത്തിയാക്കുന്നതിനായി സ്‌കൂളുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ഇത് സഹായിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, സ്‌കൂളുകള്‍, യു.ഐ.ഡി.എ.ഐയുടെ ആവാസവ്യവസ്ഥ പങ്കാളികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് യു.ഐ.ഡി.എ.ഐയുടെ രാജ്യത്തെ മേഖലാ ഓഫീസുകളും സംസ്ഥാന ഓഫീസുകളും കുട്ടികള്‍ക്കായുള്ള  പ്രക്രിയ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തനം തുടരുകയാണ്. 4000 മെഷീനുകളെങ്കിലും ഇതിനായി ഉപയോഗത്തിലുണ്ട്. നടപടിയുടെ വേഗത ത്വരിതപ്പെടുത്തുന്നതിനായി ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഐ.ഡി.എ.ഐ.
കുട്ടികളുടെ ആധാറില്‍ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നത്, ബാധകമാകുന്നിടത്തെല്ലാം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ലഭിക്കുന്നതിനുള്ള ആധികാരികത ഉറപ്പാക്കുന്നതിനും നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി തുടങ്ങിയ മത്സര, സര്‍വകലാശാലാതല പരീക്ഷകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഹായിക്കുന്നു.  2025 ഒക്ടോബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് 15 പ്രായ പരിധിയിലുള്ള കുട്ടികള്‍ക്ക് ആധാറില്‍ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കല്‍ സൗജന്യമാക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ നടത്തുന്ന ക്യാമ്പുകള്‍ക്ക് പുറമേ, രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളോ ആധാര്‍ സേവാ കേന്ദ്രങ്ങളോ സന്ദര്‍ശിച്ചും കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ പൂര്‍ത്തീകരിക്കാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു