കൊച്ചി : ദേശീയ തലത്തില്‍ കോര്‍ണിയ കാത്തിരിക്കുന്നവരുടെ എണ്ണം 13 ലക്ഷത്തിലും അധികമാണെന്നും, ഫലപ്രദമായ നേത്രചികിത്സ സമയബന്ധിതമായി നടത്താന്‍ കേന്ദ്രീകൃത ദേശീയ കോര്‍ണിയല്‍ ബാങ്ക് അനിവാര്യമാണെന്നും കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് (കെ.എസ്.ഒ.എസ്) പ്രസിഡന്റ് ഡോ.രാജീവ് സുകുമാരന്‍ പറഞ്ഞു. നേത്രദാനത്തിന്റെ എണ്ണം ഇരട്ടിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഐ ബാങ്ക് അസോസിയേഷന് ഓഫ് ഇന്ത്യ (ഇ.ബി.എ.ഐ) സംഘടിപ്പിക്കുന്ന പതിനാറാമത് കോര്‍ണിയ ആന്‍ഡ് ഐ ബാങ്കിംഗ് ദേശീയ കോണ്‍ഫറന്‍സ് കൊച്ചി ഐ.എം.എ ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആശുപത്രി കേന്ദ്രീകൃത കോര്‍ണിയ ശേഖരണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. വീടുകളില്‍ നിന്നുള്ള പരമ്പരാഗത നേത്രദാനങ്ങളില് അറുപത് മുതല്‍ എഴുപത് ശതമാനം വരെ സമയ നഷ്ടവും, ഗുണനിലവാരക്കുറവും മൂലം ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കാനാകുന്നില്ല. ആശുപത്രികളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നവയില്‍ എഴുപത് മുതല്‍ എണ്‍പത് ശതമാനവും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് റീജിയണല്‍ ഐ ബാങ്ക് പങ്കാളിത്തം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പത്മശ്രീ ഡോ.ടോണി ഫെര്‍ണാണ്ടസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു.
ഡോ. അനഹ, ചൈതന്യ കണ്ണാശുപത്രി അനന്ത ഐ ബാങ്ക് മേധാവി ഡോ.സ്വേദ സുകുമാരന്‍, പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ്, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഓഫ്താല്മോളജി മേധാവി ഡോ.എലസബത്ത് കെ. ജോസഫ്, ഇബിഎഐ ദേശീയ പ്രസിഡന്റ് ഡോ. നമ്രത ശര്‍മ, ഇബിഎഐ വൈസ് പ്രസിഡന്റ് ഡോ. സുജാത ദാസ്, സെക്രട്ടറി ഡോ. രാജേഷ് സിന്‍ഹ, ചാലക്കുടി ഐ വിഷന്‍ ഐ കെയര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാധാരമണന്‍, ചീഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.അനിറ്റ ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അനന്ത ഐ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും.

