എയർ മാർഷൽ സന്ദീപ് തരേജ 47-ാമത് ഡി.ജി.എ.എഫ്.എം.എസ് ആയി ചുമതലയേറ്റു

ന്യൂഡൽഹി : എയർ മാർഷൽ സന്ദീപ് തരേജ 2026 സെപ്റ്റംബർ 1-ന് ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന്റെ (DGAFMS) 47-ാമത് ഡയറക്ടർ ജനറലായി ചുമതലയേറ്റു. ഡി.ജി.എ.എഫ്.എം.എസ് എന്ന നിലയിൽ, പ്രതിരോധ സേനകൾക്ക് സമഗ്രമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനുള്ള മേൽനോട്ടം അദ്ദേഹം നിർവഹിക്കും. പ്രവർത്തനസജ്ജമായ വൈദ്യശാസ്ത്ര തയാറെടുപ്പുകൾ, സംയുക്ത പങ്കാളിത്തം, സൈനിക ആരോഗ്യ സംരക്ഷണത്തിന്റെ ആധുനികവൽക്കരണം, ഡിജിറ്റൽ ഹെൽത്ത്, മെഡിക്കൽ ഗവേഷണവും നവീകരണവും, സേവനമനുഷ്ഠിക്കുന്ന സൈനികർക്കും പൂർവ്വ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച സേവനം നൽകൽ തുടങ്ങിയ സുപ്രധാന മേഖലകളിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (AFMS) വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഈ നിയമനം.

പുണെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് (AFMC) പൂർവ്വ വിദ്യാർത്ഥിയായ എയർ മാർഷൽ സന്ദീപ് തരേജ 1986 ഡിസംബറിലാണ് ആർമി മെഡിക്കൽ കോർപ്സിൽ കമ്മീഷൻ ചെയ്യപ്പെടുന്നത്. പ്രശസ്തനായ ഫിസിഷ്യനും ഗ്യാസ്ട്രോഎന്ററോളജിസ്റ്റുമായ അദ്ദേഹം ഡൽഹിയിൽ നിന്ന് എം.ഡി ബിരുദവും ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) നിന്ന് ഗ്യാസ്ട്രോഎന്ററോളജിയിൽ ഡി.എം ബിരുദവും നേടിയിട്ടുണ്ട്. നാല് പതിറ്റാണ്ട് നീണ്ട ഉജ്ജ്വലമായ സേവനത്തിനിടയിൽ 167 മിലിറ്ററി ഹോസ്പിറ്റൽ കമാൻഡന്റ്, ബേസ് ഹോസ്പിറ്റൽ ഡൽഹി കാന്റ് ബ്രിഗേഡിയർ ഇൻ-ചാർജ് അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രൂപ്പ് കമാൻഡർ, കമാൻഡ് ഹോസ്പിറ്റൽ (സെൻട്രൽ കമാൻഡ്) കമാൻഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് ബേസ് ഹോസ്പിറ്റൽ ഡൽഹി കാന്റിലെ വെല്ലുവിളികൾ നേരിടുന്നതിലും, ലഖ്‌നൗ കമാൻഡ് ഹോസ്പിറ്റലിനായി പുതിയ മന്ദിരത്തിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

എ.എഫ്.എം.സി പുണെയുടെ ഡയറക്ടറും കമാൻഡന്റുമായി സേവനമനുഷ്ഠിക്കവെ മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഡി.ജി.എം.എസ് (എയർ) ആയിരിക്കുമ്പോൾ ഗഗൻയാൻ ദൗത്യത്തിനും ബഹിരാകാശയാത്രികരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും നേതൃപരമായ പങ്ക് വഹിച്ചു. കൂടാതെ, ഭീഷ്മ (BHISHM) ക്യൂബുകൾ മാലദ്വീപിന് സമ്മാനിച്ചതിലും ജമൈക്ക, ക്യൂബ, ശ്രീലങ്ക, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിന്യസിച്ചതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. പുതിയ ചുമതലയേൽക്കുന്നതിന് മുന്നോടിയായി ന്യൂഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിലെത്തി അദ്ദേഹം വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു