കൊച്ചി : ഗാന്ധിജയന്തിയോടനുബന്ധിച്ച് വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ 46, 47 ഡിവിഷനുകളുടെയും പൂണിത്തുറ എൻ.എസ്.എസ് കരയോഗത്തിന്റെയും സഹകരണത്തോടെ പൂണിത്തുറയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറുകണക്കിന് പൊതുജനങ്ങൾ പങ്കെടുത്ത ക്യാമ്പ് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധ പ്രവർത്തനങ്ങളാണെന്നും ഇത്തരം ക്യാമ്പുകൾ സമൂഹത്തിന് വലിയ ആശ്വാസമാണെന്നും മേയർ വ്യക്തമാക്കി. പൂണിത്തുറ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജയൻ പാലയിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.പി. ചന്ദ്രൻ, സേവ്യർ പി. ആന്റണി, എ. രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി കോർപറേഷൻ നിവാസികൾക്കായി വി.പി.എസ് ലേക്ഷോർ ആശുപത്രി പ്രത്യേക ചികിത്സാ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന ‘പ്രിവിലേജ് കാർഡ്’ വിതരണോദ്ഘാടനവും ചടങ്ങിൽ മേയർ നിർവ്വഹിച്ചു. ആശുപത്രി കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അനിൽകുമാറിൽ നിന്നും മേയർ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. കാർഡ് ഉള്ളവർക്ക് ആദ്യ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായിരിക്കും. കൂടാതെ എമർജൻസി വിഭാഗത്തിൽ 50 ശതമാനവും ഒ.പി സേവനങ്ങൾക്ക് 15 ശതമാനവും ഐ.പിയിൽ 10 ശതമാനവും ഇളവ് ലഭിക്കും. കാർഡിയോളജി, ഗൈനക്കോളജി, യൂറോളജി, ഇ.എൻ.ടി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി.

