സിബിഎൽ ആറാം സീസൺ ആറാം മത്സരം; പിറവം മൂവാറ്റുപുഴയാറിൽ മേൽപാടം ചുണ്ടന് വിജയം

പിറവം :സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിന്റെ ആറാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ‘മേൽപാടം ചുണ്ടൻ’ വിജയികളായി. സിബിഎൽ വേദികളിലെ ഏറ്റവും ഒഴുക്കുള്ള നെട്ടായമായ മൂവാറ്റുപുഴയാറിൽ നടന്ന വാശിയേറിയ മത്സരത്തിൽ 3 മിനിറ്റ് 26.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മേൽപാടം ജേതാക്കളായത്. ഈ സീസണിൽ പി.ബി.സിയുടെ തുടർച്ചയായ നാലാം വിജയമാണിത്.

സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പിറവത്തെ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭാ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ, വൈസ് ചെയർമാൻ അന്നമ ഡോമി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയം കണക്കിലെടുത്ത് മേൽപാടം ചുണ്ടൻ, അരോമ ചുണ്ടൻ, വീയപുരം ചുണ്ടൻ എന്നിവയാണ് ഫൈനലിൽ മാറ്റുരച്ചത്. ഫിനിഷിംഗിന് തൊട്ടുമുമ്പ് വരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച അരോമ ചുണ്ടനെ കേവലം ആറ് മൈക്രോസെക്കൻഡുകൾക്ക് പിന്തള്ളിയാണ് മേൽപാടം വിജയം പിടിച്ചെടുത്തത്. അരോമ രണ്ടാമതും (3:26.32 മിനിറ്റ്) വീയപുരം മൂന്നാമതും (3:28.08 മിനിറ്റ്) ഫിനിഷ് ചെയ്തു.

നിലവിൽ പോയിന്റ് പട്ടികയിൽ 55 പോയിന്റുമായി മേൽപാടം ഒന്നാം സ്ഥാനത്ത തുടരുന്നു. അരോമ (54 പോയിന്റ്) രണ്ടാമതും, വീയപുരം (47 പോയിന്റ്) മൂന്നാമതുമാണ്. കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ശേഷം നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സിബിഎൽ ആറാം സീസൺ സമാപിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു