കൊച്ചി: എറണാകുളം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.ശിവപ്രസാദിന്റെ ധിക്കാരപരമായ നടപടിയിലും സംഘടനാ വിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ എറണാകുളം ഘടകം നടത്തുന്ന നിസ്സഹകരണ സമരം രണ്ടാഴ്ച പിന്നിടുന്നു. ഡോ. ശിവപ്രസാദിനെതിരെ വനിതാ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലാതെയുള്ള വിഐപി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുന്നത് കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്. ഇത് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതാണ് .
കഴിഞ്ഞ ദിവസം നടന്ന ജില്ലാതല മെഡിക്കല്‍ ഓഫീസര്‍മാരുടെ അവലോകനയോഗത്തില്‍ ഇതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ് ഡോ.ശിവപ്രസാദ് നടത്തിയത്. കെ.ജി.എം.ഒ.എ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. ശിവപ്രസാദ് നേരിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നു മാത്രമല്ല ചട്ടവിരുദ്ധവും നിലവിലെ നിയമങ്ങള്‍ ലംഘിക്കുന്നതുമാണ്. വനിതകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഓഫിസര്‍മാരോട് അപമര്യാദയായി പെരുമാറുന്ന ഡോ. ശിവപ്രസാദുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി വനിതാ ഡോക്ടര്‍മാര്‍ മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നാളിതുവരെ നടപടിയുണ്ടായിട്ടില്ല. ഇനിയും തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചതായി കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി , ട്രഷറര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.