പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ്; പുത്തന്‍ ഉപകരണം വികസിപ്പിച്ച് കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍

കൊച്ചി: സാങ്കേതിക മേഖലയില്‍ പുതിയ കാല്‍വെയ്പ്പുമായി പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ് ഉപകരണം വികസിപ്പിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് സാങ്കേതിക വിദഗ്ധര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ഡി ബിരുദധാരികളായ ആലുവ യുസി കോളേജിലെ കമ്പ്യൂട്ടര്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറര്‍ ഡോ. ഷൈന്‍ കെ. ജോര്‍ജ്, രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് അപ്ലൈഡ് സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നീനു കുര്യാക്കോസ്, മാധ്യമ പ്രവര്‍ത്തകനും സംരംഭകനും ന്യൂഏജ് ഫൗണ്ടറുമായ സെബിന്‍ പൗലോസ് എന്നിവര്‍ ചേര്‍ന്നാണ് പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ് ഉപകരണം രൂപകല്‍പന ചെയ്തിരിക്കുന്നത്. ടിവി, ഡിജിറ്റല്‍ വ്യൂവേഴ്‌സിന് തങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളതും, ഉപകാരപ്പെടുന്നതും, ഇഷ്ടമുള്ളതുമായ ഉള്ളടക്കം ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഇവരുടെ കണ്ടുപിടുത്തം. തങ്ങളുടെ മുന്‍ഗണനകള്‍ വച്ചുകൊണ്ടുള്ള ന്യൂസ് വീഡിയോകള്‍ ലഭിക്കുന്നതിനും, സൂക്ഷിച്ചു വയ്ക്കാനും ക്രോഡീകരിക്കാനും സഹായിക്കുന്നതാണ് ഈ ഡിവൈസ്. പേറ്റന്റ് നടപടിക്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിലെ പേറ്റന്റ് രജിസ്ട്രിയില്‍ ഈ കണ്ടെത്തല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന പേഴ്‌സണലൈസേഷന്‍ അനുഭവത്തേക്കാള്‍ മെച്ചപ്പെട്ട സാധ്യതകളും, വൈവിധ്യങ്ങളും അനുഭവങ്ങളും ഈ ഉപകരണം സാധ്യമാക്കുമെന്ന് ഡോ.ഷൈന്‍ പറയുന്നു. വാര്‍ത്തകളുടെയും മറ്റ് വിവരങ്ങളുടെയും അതിപ്രസരത്തില്‍ സസൂക്ഷ്മമായും വ്യക്തിഗതമായുമുള്ള തെരെഞ്ഞെടുപ്പുകള്‍ക്ക് ഇത് സഹായകരമാകുന്നു.
ദൈനംദിന വാര്‍ത്തകളിലേയ്ക്കും വിവരങ്ങളിലേയ്ക്കും ഉപഭോക്താക്കളെ യാതൊരുസങ്കീര്‍ണതകളുമില്ലാതെ അടുപ്പിക്കുന്നതോടൊപ്പം വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലെയും ചാനലുകളിലെയും ഓരോ വ്യക്തിക്കും വേണ്ടുന്ന വീഡിയോ ഉള്ളടക്കം കണ്ടെത്തി തരംതിരിച്ച് സൂക്ഷിക്കുകയും തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അതില്‍ നിന്നും തെരെഞ്ഞെടുത്ത് കാണാനുള്ള സൗകര്യം നല്‍കുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. റെക്കോര്‍ഡിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, ഡാറ്റ പ്രോസസ്സിംഗ് ഉപകരണങ്ങളുടെ വിഭാഗങ്ങളിലാണ് ഈ ഉപകരണത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ത്തമാനകാലത്ത് ഡാറ്റ സ്‌റ്റോറേജ്, ഡാറ്റ മാനേജ്‌മെന്റ് രംഗത്തെ പുതിയ കണ്ടെത്തലാണിത്. ഹാര്‍ഡ്വെയര്‍ ഡിവൈസായാണ് ഇപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്ലൗഡ്, ഇന്റേണല്‍ സ്‌റ്റോറേജുകളിലേക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ സാധ്യമാണ്. ഹാര്‍ഡ്വെയര്‍ ഇല്ലാതെ തന്നെ ഭാവിയില്‍ ഈ സങ്കേതം ഗാഡ്ജറ്റുകളില്‍ ആപ്ലിക്കേഷനായി ഉപയോഗിക്കാനുള്ള പരീക്ഷണവും പുരോഗമിക്കുന്നുവെന്ന് ഡോ.ഷൈന്‍ കെ. ജോര്‍ജ് വ്യക്തമാക്കി.

എഐ അധിഷ്ഠിത വിഷയങ്ങളില്‍ ഒട്ടേറെ അന്താരാഷ്ട്ര സെമിനാറുകളില്‍ ശ്രദ്ധേയ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഇവര്‍ക്ക് എഐ അധിഷ്ഠിത ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍, പുസ്തകങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍, സൊല്യൂഷനുകള്‍, കണ്‍സള്‍ട്ടേഷന്‍ എന്നിവയ്ക്കായുള്ള ഒരു സ്റ്റാര്‍ട്ടപ്പും ഉണ്ട്. ജനുവരിയില്‍ ഷേപ്പിങ് ദി ഫ്യൂച്ചര്‍ ഓഫ് മീഡിയ ഇന്‍ എ ഡൈനാമിക് ലാന്‍ഡ്‌സ്‌കേപ്പ്’ (AI-Driven Intelligent News Rooms: Shaping the Future of Media in a Dynamic Landscape) എന്ന പുസ്തകവും പുറത്തിറക്കാനുള്ള തയ്യാറെയുപ്പിലാണിവര്‍.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions