ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് മരിയ വിക്ടോറിയ ജുവാന്

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ഫിലിപ്പീന്‍സിലെ നഴ്‌സായ മരിയ വിക്ടോറിയ ജുവാന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ സമ്മാനിക്കുന്നു

കൊച്ചി : ഫിലിപ്പീന്‍സ് ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റും, ഫിലിപ്പീന്‍സിലെ സായുധ സേനയുടെ റിസര്‍വ് ഫോഴ്‌സ് കേണലുമായ നഴ്‌സ് മരിയ വിക്ടോറിയ ജുവാനെ 2024ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ജേതാവായി പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 2 കോടി ഇന്ത്യന്‍ രൂപ സമ്മാനത്തുകയുള്ള അവാര്‍ഡ് ജേതാവിന് സമ്മാനിച്ചു. അവാര്‍ഡ് ജേതാവിനെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചു. കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു അവാര്‍ഡ് സമ്മാനിച്ചു. ബോളിവുഡ് നടി സൊനാലി ബിന്ദ്രെ, കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗവേണന്‍സ് ആന്റ് കോര്‍പ്പറേറ്റ് അഫയേഴ്‌സ്, എക്‌സിക്യൂട്ടിവ് ഡയറക്ടറും, ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രത്യേക വീഡിയോ സന്ദേശവും ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു.ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് നഴ്‌സുമാര്‍ നല്‍കുന്ന അതുല്ല്യമായ സേവനങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ 2021ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ്് അവാര്‍ഡ് ആരംഭിച്ചത്. അവാര്‍ഡിന്റെ 2024ലെ പതിപ്പില്‍ 202 രാജ്യങ്ങളില്‍ നിന്നുള്ള 78,000 നഴ്‌സുമാര്‍ പങ്കെടുത്തിരുന്നു. 2023ല്‍ ലഭിച്ച അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ 50% വളര്‍ച്ചയാണ് അപേക്ഷകളുടെ എണ്ണത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത്.ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു സൈനിക നഴ്‌സ് എന്ന നിലയില്‍, സേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തന്റെ ജീവിത യാത്രയിലൂടെ നിര്‍വചിക്കപ്പെടുന്നതെന്ന് മരിയ വിക്ടോറിയ ജുവാന്‍ പറഞ്ഞു.

മരിയ വിക്ടോറിയ ജുവാന്‍, നഴ്‌സിങ്ങ് മികവിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തെ പ്രതിനിധീകരിക്കുകയും ആഗോള ആരോഗ്യ സംരക്ഷണ സമൂഹത്തിനാകെ പ്രചോദനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സിലൂടെ, നഴ്‌സുമാരുടെ ശ്രദ്ധേയമായ കഥകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.
മറ്റ് 9 ഫൈനലിസ്റ്റുകള്‍ക്ക് സേവനമികവിനുള്ള അവാര്‍ഡുകളും, സമ്മാനത്തുകയും ചടങ്ങില്‍ വിതരണം ചെയ്തു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions