റെസിഡന്‍ഷ്യല്‍ ഫിലിം സ്‌കൂളുമായി അഹല്യ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍

കൊച്ചി: ചലച്ചിത്ര രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കി അഹല്യ റെസിഡന്‍ഷ്യല്‍ ഫിലിം സ്‌കൂള്‍ പാലക്കാട് പ്രവര്‍ത്തനമാരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയരായ അഹല്യ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് അഹല്യ സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ് ആന്‍ഡ് ഫ്യുച്ചര്‍ ടെക്നോളജീസ്.
പാലക്കാട് – കോയമ്പത്തൂര്‍ ഹൈവേയോട് ചേര്‍ന്നുള്ള വിശാലമായ ഹരിത ക്യാംപസിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.രാജ്യത്തെ പ്രമുഖ സ്‌കില്‍ യൂണിവേഴ്സിറ്റിയായ മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഇന്റര്‍നെയ്ന്‍മെന്റ് ടെക്നോളജിയില്‍ നൂതനമായ 4 വര്‍ഷ ബിവിഎ പ്രോഗ്രാമുകള്‍ നടത്തുന്നത്.

വരുന്ന ജനുവരിയില്‍ ആരംഭിക്കുന്ന ബിരുദ പ്രോഗ്രാമുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും ഉടന്‍ അഡ്മിഷന്‍ ആരംഭിക്കും. ഇവയ്ക്ക് പുറമെ അഭിനയത്തിലും തിരക്കഥയെഴുത്തിലും ഒരു വര്‍ഷ മുഴുവന്‍ സമയ ഡിപ്ലോമ പ്രോഗ്രാമുകളും ഒരു വര്‍ഷ വാരാന്ത്യ പ്രോഗ്രാമുകളും അഹല്യ റസിഡന്‍ഷ്യല്‍ ഫിലിം സ്‌കൂള്‍ ആരംഭിക്കുന്നുണ്ട്.

ചലച്ചിത്ര- നാടക രംഗത്ത വ്യക്തിമുദ്ര പതിപ്പിച്ച ടി എന്‍ കുമാരദാസ്, അഭിജ, ശിവകല എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന സിനിമ അഭിനയ ഡിപ്ലോമയിലേക്കും തിരക്കഥാകൃത്തുക്കളും സംവിധായകരുമായ അഭിലാഷ് വിജയനും റോബിന്‍ ജോയിയും നയിക്കുന്ന തിരക്കഥാകൃത്ത് ഡിപ്ലോമയിലേക്കും അഡ്മിഷന്‍ തുടരുന്നു. പ്രശസ്ത മിക്‌സിംഗ് എഞ്ചിനീയര്‍ വിനോദ് ശിവറാം നയിക്കുന്ന ടീമാണ് വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ ഇന്‍ഡസ്ട്രി മെന്ററായി പ്രവര്‍ത്തിക്കുന്നു.

ആദ്യ ബാച്ച് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ അഹല്യ സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ് ആന്‍ഡ് ഫ്യുച്ചര്‍ ടെക്നോളജീസ് സജ്ജമായി കഴിഞ്ഞെന്ന് അഹല്യ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ വി എസ് ഗോപാല്‍, അക്കാദമിക്‌സ് വൈസ് പ്രസിഡന്റ് ഇ പി ബി രജിതന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഹല്യ മീഡിയ പാര്‍ക്ക് എന്ന വലിയ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പാണിതെന്ന് വി എസ് ഗോപാല്‍ പറഞ്ഞു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions