ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ടൂറിസം.
കൊച്ചി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ രണ്ടാമത്തെ മാതൃകാ ഹരിത ടൂറിസം കേന്ദ്രമായി കോടനാട് അഭയാരണ്യം. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ടൂറിസം.മാലിന്യമുക്തം ജനകീയ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അഭയാരണ്യത്തെ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു.
മാലിന്യ നിര്‍മാര്‍ജനത്തില്‍ ഹരിതകര്‍മ്മ സേനയുടെ പ്രധാന്യം വളരെ വലുതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കൂടുതല്‍ ജനങ്ങള്‍ എത്തിച്ചേരുന്നതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും പരിസരവും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കര്‍ശനമായ നിരോധനം നടപ്പാക്കല്‍,ബദല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ടോയ്‌ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്‌കരണവും കുറ്റമറ്റതാക്കല്‍, എം സി എഫ്, മിനി എം സി എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍, സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയാണു ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനം നടത്തിയത്.