യുവസംരംഭകര്‍ക്ക് ഡ്രീംവെസ്റ്റര്‍ 2.0 പദ്ധതിയുമായി അസാപും കെഎസ് ഐ ഡിസിയും 

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം.

 

കൊച്ചി: കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0 ‘ പദ്ധതി സംഘടിപ്പിക്കുന്നു. ഈ പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം. ശില്‍പ്പശാലകള്‍, ഡിസൈന്‍ തിങ്കിങ് വര്‍ക്ഷോപ്പ്, ഐഡിയത്തോണ്‍ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.

എല്ലാ ജില്ലകളിലും രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാലകളിലൂടെ ഒരു ആശയം എങ്ങനെ രൂപീകരിക്കാമെന്നും കേരളത്തില്‍ ഒരു സംരംഭം തുടങ്ങുന്നതിന്റെ ഗുണങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും വിശദീകരിക്കുകയുമാണ് ചെയ്യുന്നത്. എറണാകുളം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ശില്‍പ്പശാല സംഘടിപ്പിക്കും.ആദ്യ ഘട്ട ശില്‍പ്പശാലകള്‍ക്ക് ശേഷം ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 3 മുതല്‍ 5 പേര് അടങ്ങുന്ന ടീമായി തങ്ങളുടെ പേര് ഐഡിയത്തോണ്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്ക് വേണ്ടി രണ്ടാം ഘട്ടത്തില്‍ ഒരു ഡിസൈന്‍ തിങ്കിങ് വര്‍ക്ഷോപ് സംഘടിപ്പിക്കും. ഈ വര്‍ക്ഷോപ്പിലൂടെ ഒരു ആശയത്തെ എങ്ങനെ വികസിപ്പിക്കാമെന്നും അവയെ ഒരു ബിസിനസ് ആയി എങ്ങനെ മാറ്റാമെന്നുമുള്ള വിശദമായ പരിശീലനം എല്ലാ താല്പര്യമുള്ള രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കും.

അവസാനമായി ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന ഐഡിയത്തോണ്‍ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 28 ആശയങ്ങള്‍ സംസ്ഥാന തലത്തില്‍ മാറ്റുരയ്ക്കുകയും അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങള്‍ക്ക് അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാക്കാനും ഉതകുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മികച്ച ആശയങ്ങള്‍ കൈവശമുള്ള പ്രീ ഫൈനല്‍, ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് https://connect.asapkerala.gov.in/events/12582 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions