ചെറുകിട വ്യാപാരരംഗത്തിന്റെ വളര്‍ച്ചയ്ക്ക് ബാങ്കുകളുടെ പങ്ക് നിര്‍ണായകം 

കൂടുതല്‍ ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിക്കാന്‍ എല്ലാ ബാങ്കുകളും തയാറാകണമെന്നും മീഡിയ കോണ്‍ക്ലേവ് വിലയിരുത്തി

 

കൊച്ചി: കേരളത്തിലെ ചെറുകിട വ്യാപാരരംഗത്തിന്റെ വളര്‍ച്ചയില്‍ ബാങ്കുകള്‍ വഹിക്കുന്നത് നിര്‍ണായക പങ്കാണെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2024നോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേര്‍ന്ന് സംഘടിപ്പിച്ച മീഡിയ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തില്‍ വ്യാപാര-വ്യവസായങ്ങള്‍ തുടങ്ങുന്നത് എങ്ങനെ കൂടുതല്‍ എളുപ്പമാക്കാം എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച.

ചെറുകിട വ്യവസായങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നും അതിനായി കൂടുതല്‍ ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിക്കാന്‍ എല്ലാ ബാങ്കുകളും തയാറാകണമെന്നും മീഡിയ കോണ്‍ക്ലേവ് വിലയിരുത്തി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. എ.പി.എം മുഹമ്മദ് ഹനീഷ് മാധ്യമസംഗമം ഉദ്ഘാടനം ചെയ്തു.

ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2024 ന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.വ്യവസായ മന്ത്രി പി. രാജീവ്, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യു മന്ത്രി കെ. രാജന്‍, പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള വ്യവസായപ്രമുഖര്‍ തുടങ്ങിയവരും എക്‌സ്‌പോയില്‍ പങ്കെടുക്കും.

കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രോ മാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദര്‍ശനം, സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ്, കേന്ദ്ര ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയം, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി. എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്നൂറോളം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.

വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, പ്രെസെന്റേഷനുകള്‍, ശില്പശാലകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വ്യവസായങ്ങള്‍ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളുടെ പ്രത്യേക ഡെസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions