ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം ആരംഭിച്ചു

Icck annual conference

ഐ.സി.സി.കെ. പ്രസിഡന്റ് ഡോ.ആശിഷ് കുമാര്‍. എം സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

 

കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ (ഐ,സി.സി.കെ) വാര്‍ഷിക സമ്മേളനം കൊച്ചി ഹോട്ടല്‍ മാരിയറ്റില്‍ ആരംഭിച്ചു.ഹ്യദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയാണിത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ഐ.സി.സി.കെ. പ്രസിഡന്റ് ഡോ.ആശിഷ് കുമാര്‍. എം. നിര്‍വഹിച്ചു. ഹൃദ്രോഗ ചികിത്സയില്‍ നടന്ന ഏറ്റവും വലിയ ശാസ്ത്ര വിപ്ലവമാണ് ആധുനിക കത്തീറ്റര്‍ അധിഷ്ഠിത സാങ്കേതിക വിദ്യകളെന്ന് ഡോ. ആശിഷ് കുമാര്‍ പറഞ്ഞു. നേര്‍ത്ത ട്യൂബുകള്‍ (കത്തീറ്റര്‍) രക്ത കുഴല്‍ വഴി കടത്തിവിട്ട് ഹൃദയത്തിലെത്തിച്ച് നടത്തുന്ന ആന്‍ജിയോപ്ലാസ്റ്റി, സ്‌റ്റെന്റ് ഉറപ്പിക്കല്‍, മഹാധമനിയുടെ വാല്‍വ് റീപ്ലേസ്‌മെന്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ കീറിമുറിച്ചുള്ള പരമ്പരാഗത ശസ്ത്രക്രിയകള്‍ക്ക് വിരാമമിട്ടു . ഡോ. ആശിഷ് കുമാര്‍ പറഞ്ഞു.

ഈ ചികിത്സാ രീതികള്‍ക്ക് ഉപയോഗിക്കുന്ന നൂതന ഇമേജിംഗ് സംവിധാനങ്ങള്‍ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നവയാണ്.ഹൃദയ പേശികള്‍ക്ക് രക്തമെത്തിക്കുന്ന കൊറോണറി ആര്‍ട്ടറികളുടെ ആന്തരിക മൈക്രോസ്‌കോപ്പ് ചിത്രീകരണം സാധ്യമാക്കുന്നതാണ് ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രാഫി (ഒ.സി.ടി) എന്ന സാങ്കേതിക വിദ്യ. രോഗനിര്‍ണയത്തിലും ചികിത്സയിലും കൃത്യത കൈവരുത്തി അത്ഭുതം സൃഷ്ടിച്ച സാങ്കേതികവിദ്യയാണിത്, അദ്ദേഹം പറഞ്ഞു.ഹൃദ്രോഗ ചികിത്സ മെച്ചപ്പെടുത്തുന്നതില്‍ റോബോട്ടിക്‌സ് സഹായത്താലുള്ള കത്തീറ്റര്‍ ചികിത്സയും, എ.ഐ, 3 ഉ ഇമേജിങ് സംവിധാനങ്ങളും വഹിക്കുന്ന പങ്കിനെക്കുറിച്ച് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. രാജേഷ് ടി. വിശദീകരിച്ചു.

ബ്ലോക്കുകള്‍ നീക്കം ചെയ്യല്‍, സ്‌റ്റെന്റ് സ്ഥാപിക്കല്‍, വാല്‍വ് റിപ്പയര്‍ തുടങ്ങിയ നടപടിക്രമങ്ങളില്‍ സമാനതകളില്ലാത്ത കൃത്യത ഇത് നല്‍കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.ഐസിസികെ വൈസ് പ്രസിഡന്റ് ഡോ. മധു ശ്രീധരന്‍; സെക്രട്ടറി ഡോ.രമേഷ് നടരാജന്‍, ഡോ.രഞ്ജുകുമാര്‍ ബി.സി, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.രാജേഷ് ടി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു .സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions