ഡിസംബര്‍ 30 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യം.
കൊച്ചി: കായലിലൂടെയും കടലിലൂടെയും ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ വന്നടിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘പ്ലാന്‍ അറ്റ് ആര്‍ട് ‘ ഇന്ന് മുതല്‍ ഫോര്‍ട്ടുകൊച്ചി ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിടത്തില്‍ ആരംഭിക്കുന്നു. സന്നദ്ധ സംഘടനയായ പ്ലാന്‍ അറ്റ് എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൊച്ചിന്‍ ഹെരിറ്റേജ് സോണ്‍ കണ്‍സെര്‍വേഷന്‍ സൊസൈറ്റിയും കൊച്ചിന്‍ കാര്‍ണിവലും പ്രദര്‍ശനവുമായി സഹകരിക്കുന്നു.ലോകപ്രശസ്ത കലാകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങളുടെ അനുകരണങ്ങള്‍ ഉള്‍പ്പെടെയുള്ള 15 ഓളം കലാസൃഷ്ടികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച ബാസ്‌ക്കറ്റുകളും കുട്ടകളും പ്രദര്‍ശനത്തിന്റെ ഭാഗമാണ്.
ഡിസംബര്‍ 30 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യം. പ്ലാന്‍ അറ്റ് എര്‍ത്തിലെ ഡിസൈനിങ്ങ് ടീമാണ് കലാനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്. എച്ച് സി എല്‍ ഫൗണ്ടേഷന്‍ മികച്ച സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന ഡ്രോപ്പ് പദ്ധതിയുടെ ഭാഗമായാണ് പ്ലാന്‍ അറ്റ് എര്‍ത്ത് കടലില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഫോര്‍ട്ടുകൊച്ചി കൂടാതെ മുനമ്പം ഫിഷിങ്ങ് ഹാര്‍ബറിലെ 12500 മത്സ്യ തൊഴിലാളികളുടെ സഹകരണത്തോടെ ദിനം പ്രതി കടലില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രതിമാസം 6000 7000 കിലോഗ്രം പ്ലാസ്റ്റിക്ക് ഇത്തരത്തില്‍ കടലില്‍ നിന്നും ശേഖരിക്കുന്നുണ്ട്. ഇതിന് പുറമെ കടല്‍തീരത്ത് നിന്നും പ്ലാസ്റ്റിക്ക് ശേഖരിക്കുന്നുണ്ട്.
2 മാസം കൊണ്ട് ഫോര്‍ട്ട്കൊച്ചി ബീച്ചില്‍നിന്നും മാത്രമായി 10 ടണ്‍ പ്ലാസ്റ്റിക്ക് ശേഖരിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച വലയുടെ അവശിഷ്ടങ്ങളും മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചേര്‍ത്താണ് കലാ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.പരിസ്ഥിതി അവബോധമാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പ്ലാന്‍ അറ്റ് എര്‍ത്ത് ഫൗണ്ടര്‍ സെക്രട്ടറി സൂരജ് എബ്രഹാം പറഞ്ഞു. വലകളുടെ അവശിഷ്ടങ്ങള്‍ ആമ, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ ജീവികളുടെ മരണത്തിന് കാരണമാണ്. മൈക്രോ പ്ലാസ്റ്റിക്കുകള്‍ മത്സ്യം ഭക്ഷിക്കുന്നവരിലും ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദര്‍ശനത്തിന്റെ ഭാഗമായി ദിവസവും വൈകുന്നേരം ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിട വളപ്പില്‍ വിവിധ കലാപരിപാടികളുണ്ടാവും.