ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ ഇരു രാജ്യങ്ങളിലെയും 20 കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമാകും
കൊച്ചി: ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ക്രിയാത്മകമായ സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ക്രോസ്‌കള്‍ച്ചറല്‍ സംരംഭമായ ഇന്ത്യ,ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് പ്രോജക്റ്റ് 2024 ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ സംഘടിപ്പിക്കും. സാംസ്‌കാരിക വിനിമയത്തിനും സാമൂഹിക പരിവര്‍ത്തനത്തിനുമായി രൂപീകരിച്ച കൂട്ടായ്മായ കെക്കേയെല്ലം ഫൗണ്ടേഷനാണ് ഈ കല പദ്ധതി സംഘടിപ്പിക്കുന്നത്.ഇന്ത്യയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള 10 പേര്‍ വീതം വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍ പരിപാടിയുടെ ഭാഗമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന റിട്രീറ്റില്‍, കലാകാരന്മാര്‍ സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക പൈതൃകം, പാരമ്പര്യങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കലാപരവും സാംസ്‌കാരികവുമായ സമന്വയം പ്രഘോഷിക്കുന്ന സൃഷ്ടികള്‍ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കും.
ഇന്ത്യ,ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് പ്രോജക്റ്റ് ക്രോസ്‌കള്‍ച്ചറല്‍ കലാപ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ധാരണ വളര്‍ത്തുന്നതിനും. കലയുടെ പരിവര്‍ത്തന ശക്തിയെ ആസ്വാദകരിലേക്കിതിക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ മാള, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കേരളത്തിന്റെ പ്രധാനപ്പെട്ട പൗരാണിക ഇടങ്ങള്‍ സന്ദര്‍ശിക്കും കൂടാതെ കഥകളി, ഭരതനാട്യം തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ കലാരൂപങ്ങളുടെ പ്രകടനങ്ങള്‍ ആസ്വദിക്കുകയും കേരളത്തിന്റെ തനത് കലകളെ അടുത്തറിയുന്നതിന് അവസരമൊരുക്കും.കേരളത്തിന്റെ പാചക പൈതൃകവും പ്രകൃതിരമണീയവുമായ പ്രകൃതിദൃശ്യങ്ങളുമായി ഇടപഴകാനുള്ള വേദികൂടി ഈ പരിപാടി സൃഷ്ടിക്കുമെന്ന് കെക്കേയെല്ലം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബിനോയ് വര്‍ഗീസ് പറഞ്ഞു.
ഏഷ്യയിലുടനീളം കലാപരമായ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുന്ന പരിപാടിയായ മ്യൂസിയം ഓഫ് ആര്‍ട്ട് വൂമയുടെ ഏഷ്യ ആക്സിസ് പ്രോജക്റ്റുമായി സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും കലാകാരന്മാരെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നു പരസ്പരം മനസ്സിലാക്കുന്നതിലൂടെ ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നതിന് ഈ പദ്ധതി സഹായിക്കും.ശില്‍പശാലകളിലൂടെയും സഹകരണ പ്രവര്‍ത്തനങ്ങളിലൂടെയും കലാകാരന്മാര്‍ പ്രാദേശിക സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതോടൊപ്പം, സാമൂഹിക ഇടപെടലിനും പരിപാടി മുന്‍ഗണന നല്‍കുന്നു. കലാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും താഴെത്തട്ടിലെ യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള കെക്കേയെല്ലം ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ ഭാഗമായികൂടിയാണ് ഇത്തരമൊരു ഇടപെടല്‍ എന്ന് കെക്കേയെല്ലം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബിനോയ് വര്‍ഗീസ് പറഞ്ഞു.
ഇന്ത്യദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് പ്രോജക്റ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാനാണ് ലക്ഷ്യം, കലാകാരന്മാര്‍ക്ക് വേണ്ടുന്ന സാംസ്‌കാരിക ഇടമായിയി ജിബി ഫാം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്തോ-ബംഗ്ലാദേശ് ആര്‍ട്ട് പ്രോജക്റ്റ് (2023), ഇന്തോവിയറ്റ്നാം ആര്‍ട്ട് പ്രോജക്റ്റ് (2022), കേരളത്തിലെ പ്രളയബാധിതര്‍ക്കായുള്ള ദേശീയ ചാരിറ്റി എക്സിബിഷന്‍ (2018) എന്നിവയുള്‍പ്പെടെ നിരവധി കല പരിപാടികള്‍ കെക്കേയെല്ലം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.