കവളംമടലിന്റെ ഒരു കഷണം പോലും ഇവിടെ ക്യാന്‍വാസാണ്. പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പര്‍ കപ്പുകള്‍, കാര്‍ഡ്‌ബോര്‍ഡുകള്‍, പഴയ പത്രങ്ങള്‍, ചിരട്ട, തെര്‍മോകോള്‍ തുടങ്ങിയവയെല്ലാം കലാകാരിയുടെ കൈ തൊട്ടപ്പോള്‍ കമനീയമായി.
കോട്ടയം: നിറം കൊടുത്തൊരുക്കിയിരിക്കുന്ന മനോഹര രൂപങ്ങള്‍. കൂട്ടത്തിലൊന്നിന് സ്വര്‍ണ്ണ നിറം. സൂക്ഷിച്ചു നോക്കുമ്പോള്‍ കാണാം, ഫ്രെയിമില്‍ ഒട്ടിച്ചു വച്ചിരിക്കുന്നതെല്ലാം നമുക്കത്രയ്ക്ക് പരിചയമുള്ള വസ്തുക്കള്‍. താക്കോല്‍, കത്രിക, വള, കുപ്പിയുടെ അടപ്പ്, പെന്‍സില്‍ കട്ടര്‍… അങ്ങനെയങ്ങനെ. എല്ലാം ഉപയോഗിച്ചശേഷം ഓരോരുത്തര്‍ വലിച്ചെറിഞ്ഞവ.ആദിത്യ ബാബു എന്ന പതിനേഴുകാരിക്ക് ഇവയൊന്നും വലിച്ചെറിയാനുള്ളതല്ല. എല്ലാം കൗതുകമുണര്‍ത്തുന്ന കൗശല വസ്തുക്കളാക്കി മാറ്റും ഈ മിടുക്കി.തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേര്‍ന്ന് കോട്ടയം സിവില്‍ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച മാലിന്യമുക്ത അവബോധന പരിപാടിയില്‍ ആദിത്യയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.
സാധാരണ കാണാറുള്ളതുപോലെയല്ല, ആദിത്യയുടെ ‘ബോട്ടില്‍ ആര്‍ട്ട്’. കുപ്പികളിലെ ചിത്രവര്‍ണ്ണങ്ങള്‍ക്കു പുറമേ മുത്തുകള്‍ കൊണ്ടും വര്‍ണ്ണ നൂലുകള്‍ കൊണ്ടുമുള്ള തൊങ്ങലുകള്‍ അവയ്ക്ക് വേറേ മാനം നല്‍കുന്നു. കവളംമടലിന്റെ ഒരു കഷണം പോലും ഇവിടെ ക്യാന്‍വാസാണ്. പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പര്‍ കപ്പുകള്‍, കാര്‍ഡ്‌ബോര്‍ഡുകള്‍, പഴയ പത്രങ്ങള്‍, ചിരട്ട, തെര്‍മോകോള്‍ തുടങ്ങിയവയെല്ലാം കലാകാരിയുടെ കൈ തൊട്ടപ്പോള്‍ കമനീയമായി. ചെറുപ്പം മുതലേ ചിത്രരചനയിലും കരകൗശലത്തിലും ആദിത്യ ശ്രദ്ധ നല്‍കിയിരുന്നു. അറുനൂറോളം കരകൗശലങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചു.
കിടങ്ങൂര്‍ എന്‍.എന്‍.എസ്. സ്‌കൂളില്‍നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. ഇനി ഫാഷന്‍ ഡിസൈനിംഗ് മേഖലയിലേക്ക് കടക്കാനാണ് ആഗ്രഹം. പൂര്‍ണ്ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. കിടങ്ങൂര്‍ ഉത്തമേശ്വരം ക്ഷേത്രത്തിനു സമീപം തോട്ടുംകരയില്‍ വീട്ടില്‍ ബി. ബാബുവിന്റെയും സുവര്‍ണ്ണാ ദേവിയുടെയും മകളാണ്. അമ്മ സുവര്‍ണ ദേവി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാഗം കൂടിയാണ്.സിവില്‍ സ്‌റ്റേഷനില്‍ നടന്ന മാലിന്യമുക്ത അവബോധന പരിപാടിയില്‍ ആദിത്യയെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് ഉപഹാരം നല്‍കി അനുമോദിച്ചു.