അണുബാധയെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് പീയുഷ് പാണ്ഡെ വിടപറഞ്ഞത്. നാല് പതിറ്റാണ്ടോളം പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പീയുഷ് പാണ്ഡെ, ഒഗില്‍വി ഇന്ത്യയുടെ വേള്‍ഡ്വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു.
ന്യൂഡല്‍ഹി: പരസ്യരംഗത്തെ ഇതിഹാസമെന്നറയിപ്പെട്ടിരുന്ന പീയൂഷ് പാണ്ഡെ (70) യ്ക്ക് ആദരമര്‍പ്പിച്ച് പരസ്യമേഖല. അണുബാധയെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവമാണ് പീയുഷ് പാണ്ഡെ വിടപറഞ്ഞത്. നാല് പതിറ്റാണ്ടോളം പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പീയുഷ് പാണ്ഡെ, ഒഗില്‍വി ഇന്ത്യയുടെ വേള്‍ഡ്വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു. ഇന്ത്യന്‍ പരസ്യരംഗത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച വ്യക്തിയായിരുന്നു പീയുഷ് പാണ്ഡെ. 1982ലാണ് പാണ്ഡെ ഒഗില്‍വിയില്‍ ചേര്‍ന്നത് തുടര്‍ന്ന് സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിന് വേണ്ടി ആദ്യ പരസ്യം രചിച്ചു. ആറ് വര്‍ഷത്തിന് ശേഷം, കമ്പനിയുടെ ക്രിയേറ്റീവ് വിഭാഗത്തില്‍ ചേര്‍ന്ന അദ്ദേഹം ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ്, ലൂണ മോപെഡ്, ഫോര്‍ച്യൂണ്‍ ഓയില്‍, ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ക്ക് ശ്രദ്ധേയമായ പരസ്യങ്ങള്‍ സൃഷ്ടിച്ചു. 2016 ല്‍ പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ പാണ്ഡെ നേടിയിട്ടുണ്ട്.
2013-ല്‍ ജോണ്‍ എബ്രഹാം അഭിനയിച്ച ‘മദ്രാസ് കഫേ’ യിലും ഐസിഐസിഐ ബാങ്കിന്റെ മാര്‍ക്കറ്റിംഗ് ക്യാംപയിനായ മാജിക് പെന്‍സില്‍ പ്രോജക്റ്റ് വീഡിയോസിലൂടെയും പാണ്ഡെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. മിലേ സുര്‍ മേരാ തുമാര’ എന്ന എറെ ശ്രദ്ധേയമായ ഗാനം രചിച്ചത് പീയുഷ് പാണ്ഡെയായിരുന്നു. ‘ഭോപ്പാല്‍ എക്‌സ്പ്രസ്’ എന്ന സിനിമയുടെ തിരക്കഥയും പീയുഷ പാണ്ഡെ രചിച്ചിരുന്നു. പിയൂഷ് പാണ്ഡെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരമാനും അനുശോചിച്ചു.പീയുഷ് പാണ്ഡേയുടെ നിര്യാണം പരസ്യ ലോകത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരസ്യ വാര്‍ത്താവിനിമയ ലോകത്തിന് അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിടുണ്ടെന്നും, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പരസ്യമേഖലയ്ക്ക് പുതിയ രൂപവും ഭാവവും പകര്‍ന്ന കലാകാരനായിരുന്നു പീയുഷ് പാണ്ഡെയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. .
ഇന്ത്യന്‍ പരസ്യ ലോകത്തിന്റെ ശബ്ദത്തിന് വിട
ഇന്ത്യന്‍ പരസ്യലോകത്തിന്റെ ശബ്ദവും ആത്മാവുമായിരുന്ന പിയൂഷ് പാണ്ഡേയുടെ വിയോഗം പരസ്യ കലാലോകത്തിന് വലിയ നഷ്ടമാണെന്ന് ആഡ് ഇന്ത്യ അഡ്വര്‍ടൈസിംഗ് സിഇഒ സന്ദീപ് നായര്‍ പറഞ്ഞു. വാക്കുകളിലൂടെയും ദര്‍ശനത്തിലൂടെയും കഥപറച്ചിലിനെയും ബ്രാന്‍ഡിംഗിനെയും വികാരങ്ങളെയും പുതിയ അര്‍ത്ഥങ്ങളിലേക്ക് ഉയര്‍ത്തിയ ഇതിഹാസമായിരുന്നു പീയുഷ് പാണ്ഡെ.അദ്ദേഹത്തിന്റെ ചിന്തകളും സൃഷ്ടികളും പരസ്യരംഗത്തെയും ആശയവിനിമയ ലോകത്തെയും തലമുറകളെ പ്രചോദിപ്പിച്ചും മുന്നോട്ട് നയിച്ചും കൊണ്ടിരിക്കുംമെന്നും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകത എന്നും കാലാതീതമായി നിലനില്‍ക്കുമെന്നും സന്ദീപ് നായര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സന്ദീപ് നായര്‍, ആഡ് ഇന്ത്യ അഡ്വര്‍ടൈസിംഗ് സിഇഒ .
ഇന്ത്യന്‍ പരസ്യലോകത്തെ മാന്ത്രികന്‍
ഇന്ത്യന്‍ പരസ്യമേഖലയിലെ മാന്ത്രികനായിരുന്നു അന്തരിച്ച പീയുഷ് പാണ്ഡെയെന്ന് ജെറിന്‍ ജെയിംസ് ഫാക്ടോംസ് പറഞ്ഞു. ക്രിയാത്മകതയുടെ മന്ത്രങ്ങള്‍ ആയുധമാക്കിയ വ്യക്തിയായിരുന്നു പീയുഷ് പാണ്ഡെ അദ്ദേഹത്തിന്റെ വേര്‍പാട് പരസ്യമേഖലയ്ക്ക് തീരാനഷ്ടമാണെന്നും ജെറിന്‍ ജെയിംസ് പറഞ്ഞു, പരസ്യലോകത്തെ അതികായന് വിട
ജെറിന്‍ ജെയിംസ് ഫാക്ടര്‍എം .
പീയുഷ് പാണ്ഡെയുടെ വിയോഗം തീരാനഷ്ടം
പിയുഷ് പാണ്ഡേയുടെ വിയോഗം ഭാരതത്തിന്റെ സര്‍ഗാത്മക മേഖലക്കുണ്ടായ തീരാനഷ്ടമാണ്. മെട്രോ ഇന്ത്യയുടെ ആംഗലേയപശ്ചാത്തലത്തില്‍ വിരാജിച്ചിരുന്ന പരസ്യ മേഖലയെ അദ്ദേഹം ഇന്ത്യയുടെ ആത്മാവുകളായ ഗ്രാമങ്ങളിലേക്കുകൂടി തുറന്നുവിട്ടു. എല്ലാ സൃഷ്ടികളും ഏതെങ്കിലും തരത്തില്‍ വികാരങ്ങളെ സ്വാധീനിക്കണം എന്ന് വിശ്വസിച്ചിരുന്നു അദ്ദേഹം കഥകള്‍ ഏത് ബ്രാന്‍ഡിന്റെ ശബ്ദത്തില്‍ പറഞ്ഞാലും, നിസ്സാരമായ നിമിഷങ്ങള്‍ക്കുള്ളില്‍ ചിരിപ്പിക്കുകയോ കരയിക്കുകയോ ചെയ്യിക്കണം എന്ന ഏറ്റവും അടിസ്ഥാനപാഠം പഠിപ്പിച്ചു. ആ പാഠങ്ങള്‍ ഇന്ത്യയിലെ ഓരോ പരസ്യ ചിത്രങ്ങളിലൂടെയും അനശ്വരമായി നിലനില്‍കുകയും ചെയ്യും.
ദിലീപ് നാരായണന്‍, ഫൗണ്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഓര്‍ഗാനിക് ബിപിഎസ് .
പീയൂഷ് പാണ്ഡെ തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം
പീയുഷ് പാണ്ഡെയുടെ വിയോഗത്തോടെ പരസ്യ ലോകത്തിന് അതിന്റെ ഏറ്റവും തിളക്കമുള്ള മനസ്സുകളില്‍ ഒരാളെ നഷ്ടപ്പെട്ടിരിക്കുകയാണ്. പീയൂഷ് പാണ്ഡെ പരസ്യലേഖകന്‍ എന്നതിലും അപ്പുറമുള്ള വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം തലമുറകളുടെ സ്രഷ്ടാക്കളെയും സ്വപ്നജീവികളെയും പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുകയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നേക്കും നിലനില്‍ക്കുകയും ചെയ്യും.
സുനില്‍ കാത്തെ, കാത്തെ മാര്‍ക്കറ്റിംഗ് ആന്റ് അഡ്വര്‍ടൈസിംഗ് .
ഇന്ത്യന്‍ പരസ്യകലയ്ക്ക് ഊര്‍ജ്ജവും ആത്മാവും നല്‍കിയ വ്യക്തി
ഇന്ത്യന്‍ പരസ്യകലയ്ക്ക് ഊര്‍ജ്ജവും ആത്മാവും പകര്‍ന്ന് നല്‍കിയ അതികായനായ പീയൂഷ് പാണ്ഡെയുടെ വിയോഗം ഇന്ത്യന്‍ കലാ ലോകത്തിന് തീരാനഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. പത്മശ്രീ പുരസ്‌കാരം നേടിയ, ഒരു ഇതിഹാസമായി വാഴ്ത്തപ്പെട്ട, കഥാകഥനത്തിലെ അനിഷേധ്യനായ മാസ്റ്ററായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളാണ് ബ്രാന്‍ഡുകള്‍ക്ക് രൂപം നല്‍കിയതും കാഴ്ചക്കാരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ചതും. അദ്ദേഹം പകര്‍ന്നുനല്‍കിയ ഓരോ കഥയിലും, പ്രചോദിപ്പിച്ച ഓരോ ജീവിതത്തിലും പീയൂഷ് പാണ്ഡെയുടെ അതുല്യമായ വൈഭവം ഒരു പൈതൃകമായി എന്നും നിലനില്‍ക്കും.
യു. എസ്. കുട്ടി, സി.ഇ.ഒ. & ഡയറക്ടര്‍ കോം വെര്‍ട്ടിക്ക, ദി പി.ആര്‍ പീപ്പിള്‍ .
പീയുഷ് പാണ്ഡെ ഹൃദയങ്ങളെ സ്പര്‍ശിച്ച വ്യക്തി
ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മുഖേന അനവധി ഹൃദയങ്ങളെ സ്പര്‍ശിച്ച മഹാനായ മനുഷ്യനായിരുന്നു പിയുഷ് പാണ്ഡേ. അസാമാന്യമായ സൃഷ്ടിപരമായ കഴിവുകള്‍കൊണ്ട് നിരവധി ബ്രാന്‍ഡുകള്‍ക്ക് വീടുകളിലേക്കും മനസ്സുകളിലേക്കും കടന്നുചെല്ലാനുള്ള വഴി അദ്ദേഹം തെളിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്കു പിന്നിലെ സമര്‍പ്പണവും അതിലെ ഹൃദയസ്പര്‍ശിയായ വ്യക്തിപരമായ സ്പര്‍ശവും അദ്ദേഹത്തെ എന്നും അതുല്യനാക്കി.
അദ്ദേഹം രൂപകല്‍പ്പന ചെയ്ത ആശയങ്ങള്‍ അനേകം ബ്രാന്‍ഡുകള്‍ക്ക് വളര്‍ച്ചയും വിപണിയില്‍ മുന്‍പന്തിയിലെ സ്ഥാനവും നേടി കൊടുത്തു. വിജയകഥകളിലൂടെ അനവധി ബ്രാന്‍ഡുകള്‍ അദ്ദേഹത്തെ എന്നും ഓര്‍ക്കും.
കെ.വി കൃഷ്ണകുമാര്‍, മാനേജിംഗ് പാര്‍ടണര്‍, ലീഡ്‌സ് അഡ്വര്‍ടൈസിംഗ് .
പരസ്യലോകത്തിന് കനത്ത നഷ്ടം
ഇന്ത്യന്‍ പരസ്യലോകത്തെ അതുല്യ പ്രതിഭയായ പിയൂഷ് പാണ്ഡേയുടെ വേര്‍പാട് പരസ്യലോകത്തിന് കനത്ത നഷ്ടമാണ്. തന്റെ സൃഷ്ടിപാരതയിലും മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ആഴത്തിലുള്ള സന്ദേശങ്ങളിലുമൂലം അദ്ദേഹം ഇന്ത്യന്‍ പരസ്യരംഗത്തെ ഒരു പുതിയ ഉയരത്തിലേക്ക് ഉയര്‍ത്തി. കഴിഞ്ഞ 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ പിയൂഷ് പാണ്ഡ്യയുടെ പരസ്യങ്ങള്‍ എന്നെ എന്നും പ്രചോദിപ്പിച്ചവയാണ്. അദ്ദേഹത്തിന്റെ അതുല്യമായ പരസ്യങ്ങള്‍ ഈ മേഖലയില്‍ ഉള്ളവര്‍ക്ക് എന്നും എപ്പോഴും ആവേശവും അഭിമാനവുമാണ്. ബ്രാന്‍ഡുകളെ മാത്രമല്ല, ഹൃദയങ്ങളെയും ബന്ധിപ്പിച്ച അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എന്നും എക്കാലവും ഓര്‍മക്കപ്പെടും . അദ്ദേഹത്തിന്റെ കുടുംബത്രസ്യ മേഖലക്കും ഈ വേര്‍പാട് ഒരു തീരാ നഷ്ടമാണ്.
ബിനോ പോള്‍, മാനേജിംഗ് ഡയറക്ടര്‍, ഇന്‍ഫോക്കസ് മീഡിയ സൊലൂഷന്‍സ് ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് .
പാണ്ഡെയുടെ സൃഷ്ടികള്‍ സാധാരണക്കാരുടെ മനസില്‍ ആഴ്ന്നിറങ്ങിയവ
ഇന്ത്യയിലെ സാധാരണക്കാരുടെ പോലും മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ പരസ്യ സൃഷ്ടികളായിരുന്നു പീയുഷ് പാണ്ഡേയുടെ സംഭാവനകള്‍. പരസ്യം ക്രിയേറ്റിവിറ്റിയാല്‍ അതിമനോഹരമായി സംവേദിക്കാവുന്ന ഒരു ജനകീയ കലാരൂപമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏറെ അഭിമാനത്തോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന മഹാ പ്രതിഭക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
പ്രദീപ് ഗംഗാധരന്‍, മാനേജിംഗ് ഡയറക്ടര്‍, ബ്രാന്‍ഡ് ഐഡി .
പീയൂഷ് പാണ്ഡെ പരസ്യരംഗത്തിന്റെ ആത്മാവ്
ഇന്ത്യന്‍ പരസ്യരംഗത്തിന്റെ ആത്മാവായിരുന്നു പീയുഷ് പാണ്ഡെയുടെ കലാസൃഷ്ടികള്‍. ഇന്ത്യാക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാക്കി മാറ്റിയതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. എല്ലാവരെപ്പോലെ തന്നെ ഞാനും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഹൃദയത്തോട് ചേര്‍ത്തു വെച്ചിരിക്കുന്നു.പിയൂഷ് പാണ്ഡെയുടെ നേതൃത്വത്തില്‍ ഒഗില്‍വി ഇന്ത്യന്‍ പരസ്യരംഗത്തിന്റെ ‘ഫിനിഷിംഗ് സ്‌കൂള്‍’ ആയിരുന്നു, അവിടെ നിന്നുള്ള നിരവധി പ്രതിഭകളെ ഞങ്ങളുടെ ഓര്‍ഗനൈസേഷനിലേക്ക് തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നു അതിലൂടെ അദ്ദേഹത്തിന്റെ ചിന്തയും ശൈലിയും ഞങ്ങളുടെയുള്ളിലേയ്ക്കും എത്തി. അദ്ദേഹത്തിന്റെ പ്രതിഭാധനമായ കുടുംബത്തിന് എന്റെ ഹൃദയത്തില്‍നിന്നുള്ള അനുശോചനം അറിയിക്കുന്നു ഒപ്പം അദ്ദേഹത്തിന്റെ പ്രതിഭയും പ്രചോദനവും ഞങ്ങളുമായി പങ്കുവെച്ചതിനും നന്ദി പറയുന്നു
രാജു മേനോന്‍, മാനേജിംഗ് ഡയറക്ടര്‍, മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് .
പീയുഷ് പാണ്ഡെ ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ള വ്യക്തി
ഇന്ത്യന്‍ പരസ്യമേഖലയെ ലോകോത്തരനിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പീയൂഷ് പാണ്ഡെയുടെ മാത്രമായ തനതുശൈലി പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞാനടക്കമുള്ള എല്ലാ സഹപ്രവര്‍ത്തകര്‍ക്കും വലിയ ഒരു ഊര്‍ജ്ജമാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശേഷണങ്ങള്‍ക്കപ്പുറമാണ്. ‘ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ളവന്‍ ‘ ആ മഹാത്മാവിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു .
ജെയ്‌സണ്‍ ആന്റണി, ക്രീയേറ്റീവ് ഡയറക്ടര്‍, ഫ്യൂസ് പ്രൊഡക്ഷന്‍ ഹബ്, കൊച്ചി .
നോ സ്‌കിപ്പ് ആഡ്…ഗെറ്റ് പ്രീമിയം ആഡ്‌സ്
സിനിമ ഇടവേളകളില്‍ സിനിമയെക്കാള്‍ ത്രില്ലില്‍ പരസ്യങ്ങള്‍.സ്‌കിപ്പ് ആഡ് എന്നത് പീയുഷ് പാണ്ഡെ പരസ്യത്തിന് ബാധകമായിരുന്നില്ല. വിട പറയുന്നത് പരസ്യങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ സൃഷ്ടിച്ച പ്രതിഭ. കൊച്ചിയില്‍ അദ്ദേഹം പങ്കെടുത്ത വര്‍ക്ക് ഷോപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് പരസ്യരംഗത്ത് വേറിട്ട് ചിന്തിക്കുവാന്‍ പ്രചോദനമായി. വീഡിയോ പരസ്യങ്ങള്‍ പ്രസക്തമായ ഈ കാലഘട്ടത്തില്‍ പീയുഷ് പാണ്ഡെയുടെ വിയോഗം ഇന്ത്യന്‍ പരസ്യലോകത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിക്കുന്നത്.
ജീവന്‍ലാല്‍ രവി, ഫൗണ്ടര്‍ വിരാട് ക്രിയേഷന്‍സ് .
പീയുഷ് പാണ്ഡേയുടെ നിര്യാണം അതീവ ദുഖകരം: ദിനല്‍ ആനന്ദ് എം
ഇന്ത്യന്‍ പരസ്യലോകത്തെ ഇതിഹാസനായ പീയുഷ് പാണ്ഡേയുടെ നിര്യാണവാര്‍ത്ത അതീവ ദുഃഖത്തോടെയും വേദനയോടെയും സ്വീകരിക്കുന്നു. ഇന്ത്യന്‍ പരസ്യരംഗത്തെ മുഖച്ഛായ തന്നെ മാറ്റിമറിച്ച അദ്ദേഹം സൃഷ്ടിച്ച കൃതികള്‍, വാക്കുകള്‍, ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ ഒരിക്കലും മായാത്ത അടയാളം പതിപ്പിച്ചു. ഓരോ പരസ്യത്തിലും അദ്ദേഹം കാണിച്ച സൗമ്യത, ഹാസ്യം, മനുഷ്യസ്പര്‍ശം, പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ‘Har Ghar Kuch Kehta Hai’, ‘Mile Sur Mera Tumhara’, ‘Fevikwik,Todo Nahi, Jodo’ തുടങ്ങിയ അനവധി ക്യാമ്പയ്നുകള്‍ അദ്ദേഹത്തിന്റെ സൃഷ്ടിപ്രതിഭയുടെ മഹത്വം തെളിയിക്കുന്നു.പീയുഷ് പാണ്ഡേ ഒരു പരസ്യപ്രവര്‍ത്തകനായിരുന്നതിലുപരി, ഭാരതത്തിന്റെ സ്വരവും ആത്മാവും പരസ്യങ്ങളിലൂടെ പകര്‍ന്ന കലാകാരനുമായിരുന്നു.അദ്ദേഹത്തിന്റെ പൈതൃകം എന്നും പ്രചോദനമാകട്ടെ.പുതിയ തലമുറ സൃഷ്ടിപ്രതിഭകള്‍ക്ക് ദിശാബോധം നല്‍കട്ടെ.’ആദരാഞ്ജലികള്‍, പീയുഷ് പാണ്ഡേ സാര്‍.നിങ്ങളുടെ വാക്കുകളും ചിന്തകളും എന്നും നമ്മോടൊപ്പമുണ്ടാകും’
സെക്രട്ടറി , കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ (K3A),കോഴിക്കോട് സോണ്‍, രമണിക കമ്മ്യൂണിക്കേഷന്‍സ് സി.ഒ ആന്റ് ഫൗണ്ടര്‍ .
നഷ്ടമായത് പരസ്യരംഗത്തെ ഇതിഹാസം
പരസ്യരംഗത്തെ ഇതിഹാസമായിരുന്നു പിയൂഷ് പാണ്ഡെ. ഒട്ടേറെ ജനപ്രിയ പരസ്യങ്ങളൊരുക്കിയ അതുല്യപ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. ഇന്ത്യന്‍ പരസ്യരംഗത്തിന്റെ ആത്മാവായിരുന്നു അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍. ഇന്ത്യക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാക്കി മാറ്റിയ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ക്കൂടി പ്രണാമം അര്‍പ്പിക്കുന്നു.
സിബി ചാവറ, ചെയര്‍മാന്‍, മീഡിയ എക്‌സ്പ്രഷന്‍ .
പിയുഷ് പാണ്ഡെ സൃഷ്ടിച്ചത് മണ്ണിന്റെ മണമുള്ള പരസ്യങ്ങള്‍
മണ്ണിന്റെ മണമുള്ള പരസ്യങ്ങളായിരുന്നു പിയുഷ് പാണ്ഡെ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ അവ ഏറ്റവും സാധാരണക്കാരനെ പോലും ആസ്വദിപ്പിക്കുകയും, ആവേശം കൊള്ളിക്കുകയും ചെയ്തു. എന്റെ പരസ്യരംഗത്തെ 45 വര്‍ഷ കാലയളവില്‍ ഇത്രയും പ്രതിഭാധനനായ ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. നിരവധി, അനവധി വ്യത്യസ്തങ്ങളും, അവിസ്മരണീയങ്ങളുമായ പരസ്യങ്ങള്‍ സൃഷ്ടിച്ചതിനു പുറമെ അദ്ദേഹം അഭിനേതാവ്, തിരക്കഥാകൃത്ത്,ഗാന രചയിതാവ്, സംവിധായകന്‍, ഗായകന്‍, എഴുത്തുകാരന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള ഒരപൂര്‍വ്വ പ്രതിഭയായിരുന്നു, ഒരു സകലകലാ വല്ലഭനായിരുന്നു. കൊച്ചിയില്‍ 2017 ല്‍ നടന്ന പെപ്പര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥി ആയി അദ്ദേഹം നമുക്കൊപ്പം ഉണ്ടായിരിന്നു. അന്നാണ് അദ്ദേഹത്തിന് എല്ലാവരോടും ഉള്ള സ്‌നേഹവും, സഹവര്‍ത്തിത്വവും, അടുത്തറിയാന്‍ കഴിഞ്ഞത്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യയിലെ എന്നല്ല ലോക പരസ്യ രംഗത്തിന് തന്നെ ഒരു തീരാ നഷ്ടമാണ്.
ഡോ. ടി. വിനയകുമാര്‍, ഗൈഡ് അഡ്വര്‍ടൈസിംഗ് .
പീയൂഷ് പാണ്ഡെ ഇന്ത്യന്‍ പരസ്യമേഖലയ്ക്ക് പുതിയ മാനം നല്‍കിയ വ്യക്തി
പാശ്ചാത്യ പരസ്യ മാതൃകകളുടെ പ്രതിധ്വനിയായി മാറാതെ, ഇന്ത്യന്‍ പരസ്യങ്ങള്‍ക്ക് അതിന്റെ സ്വത്വത്തില്‍ ഊന്നിയ ശബ്ദവും ഉച്ചാരണവും നല്‍കിയ വ്യക്തിയായിട്ടാണ് പീയൂഷ് പാണ്ഡെയെ കണക്കാക്കുന്നത്. തന്റെ പേരിന്റെയും ദര്‍ശനത്തിന്റെയും പര്യായമായി മാറിയ ഏജന്‍സിയായ ഒഗില്‍വി ഇന്ത്യയില്‍ നാല് പതിറ്റാണ്ടിലേറെ ചെലവഴിച്ചു.
കോര്‍പ്പറേറ്റ് ബോര്‍ഡ് റൂമുകളിലെ ബ്രീഫുകളില്‍ നിന്നും അഡ്വെര്‍ടൈസിങ് കാമ്പയിനുകള്‍ സൃഷ്ടിക്കപ്പെടുന്ന പാരമ്പര്യത്തില്‍നിന്നും തെരുവുകളിലെ സാധാരണ ഉപഭോക്താക്കളുടെ ശബ്ദമായി പരസ്യങ്ങള്‍ മാറിയ ഒരു യുഗത്തിനാണ് അദ്ദേഹത്തിന്റെ വിയോഗം തിരശ്ശീല വീഴ്ത്തുന്നത്. തന്റെ ഐക്കണിക് മീശയ്ക്കും സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ വേരൂന്നിയ കഥകളോടുള്ള ആഴമായ സ്‌നേഹത്തിനും പേരുകേട്ട പീയുഷ് പാണ്ഡെ, ബ്രാന്‍ഡുകള്‍ ആളുകളോട് സംസാരിക്കുന്ന രീതിയെ പുനര്‍നിര്‍മ്മിച്ചു.പെപ്പര്‍ ട്രസ്റ്റിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ടല്ലോ. അതിന്റെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പീയുഷ് പാണ്ഡെയുടെ വിയോഗം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു.
കെ വേണുഗോപാല്‍, ചെയര്‍മാന്‍, പെപ്പര്‍ട്രസ്റ്റ്















