ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ,പ്രതിരോധ പ്രദര്‍ശനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു
ബംഗളുരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ,പ്രതിരോധ പ്രദര്‍ശനത്തിന്റെ 15ാമത് പതിപ്പ് ‘ എയ്‌റോ ഇന്ത്യ 2025 ‘ ന് ബംഗളുരുവില്‍ തുടക്കമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കാലികമായ അനിശ്ചിതത്വങ്ങളെ നേരിടുന്നതിനും, ‘ഉഭയകക്ഷി ബഹുമാനം, ഉഭയകക്ഷി താത്പര്യങ്ങള്‍, ഉഭയകക്ഷി നേട്ടങ്ങള്‍’ എന്നിവ ആധാരമാക്കി സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും, നിര്‍ണായകവും നൂതനവുമായ ശാസ്ത്ര സാങ്കേതികവിദ്യകളുടെ സംഗമമായ എയ്‌റോ ഇന്ത്യ 2025 വേദിയാകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സൗഹൃദ രാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്വവും ബന്ധങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, രാജ്യത്തിന്റെ വ്യാവസായിക ശേഷിയും സാങ്കേതിക പുരോഗതിയും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും എയ്‌റോ ഇന്ത്യ വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് ദിവസത്തെ പരിപാടിയില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, വ്യോമസേനാ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, പ്രതിരോധ വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക സമൂഹം ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ഈ സംഗമം ഇന്ത്യയുടെ പങ്കാളികള്‍ക്കെല്ലാം പ്രയോജനപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ, അനിശ്ചിതത്വത്തിന്റെ ആഗോള അന്തരീക്ഷത്തില്‍, സമാധാനവും സമൃദ്ധിയും ദൃശ്യമാകുന്ന വലിയ രാജ്യമാണ് ഇന്ത്യ. ‘ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, വലിയ ശീതയുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. നാം എല്ലായ്‌പ്പോഴും സമാധാനത്തിന്റെയും സ്ഥിരതയുടെയും വക്താക്കളാണ്. അത് നമ്മുടെ അടിസ്ഥാന ആദര്‍ശങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമാധാനത്തിനും സമൃദ്ധിക്കും സ്ഥിരതയ്ക്കും ഇന്ത്യയുമായുള്ള സഹകരണം ലോകരാജ്യങ്ങള്‍ക്ക് നിര്‍ണ്ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ,പ്രതിരോധ പ്രദര്‍ശനത്തിന്റെ 15ാമത് പതിപ്പില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍, ആഗോള എയ്‌റോസ്‌പേസ് കമ്പനികളുടെ അത്യാധുനിക ഉത്പന്നങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ വ്യോമ വൈദഗ്ധ്യവും തദ്ദേശീയമായ അത്യാധുനിക കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിക്കും. ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്നീ ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി, തദ്ദേശീയവത്ക്കരണ പ്രക്രിയ വേഗത്തിലാക്കുന്നതിന് അന്താരാഷ്ട്ര സഹകരണങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള വേദി കൂടിയാകും പ്രദര്‍ശനം. ഫെബ്രുവരി 10 മുതല്‍ 12 വരെ സ്വകാര്യ പ്രവൃത്തി ദിനങ്ങളായി നീക്കിവച്ചിട്ടുണ്ട്. 13, 14 തീയതികള്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ കഴിയുന്ന പൊതു ദിവസങ്ങളായി നിശ്ചയിച്ചിട്ടുണ്ട്.