എയര്‍ കേരളയുടെ ലക്ഷ്യം കുറഞ്ഞ ചെലവില്‍ മികച്ച യാത്ര സൗകര്യം

70 സീറ്റുകളുള്ള ബസുകളില്‍ 2500 രൂപ വരെ നല്‍കി യാത്ര ചെയ്യുന്നവരെ വിമാന യാത്രയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

 

കൊച്ചി: എയര്‍ കേരളയുടെ ലക്ഷ്യം കുറഞ്ഞ ചെലവില്‍ മികച്ച വിമാനയാത്ര സൗകര്യം ഒരുക്കുകയാണെന്ന് എയര്‍ കേരള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹാരിഷ് മൊയ്ദീന്‍ കുട്ടി വ്യക്തമാക്കി. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) സംഘടിപ്പിച്ച ലീഡര്‍ ഇന്‍സൈറ്റ് പ്രഭാഷണത്തില്‍ ട്രാന്‍സ്‌ഫോര്‍മിങ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമയാന മേഖലയില്‍ കേരളം മുന്നോട്ട് വച്ച മികച്ച മാതൃകയാണ് സിയാല്‍. ഒട്ടേറെ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷമാണ് എയര്‍ കേരള ആരംഭിക്കാന്‍ തീരുമാനിച്ചത്. ബസ്, ട്രെയ്ന്‍ യാത്രക്കാരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം.

70 സീറ്റുകളുള്ള ബസുകളില്‍ 2500 രൂപ വരെ നല്‍കി യാത്ര ചെയ്യുന്നവരെ വിമാന യാത്രയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രവാസികള്‍ ഏറെയുള്ള കേരളത്തില്‍ വിമാനയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. കുറഞ്ഞ ചെലവില്‍ വിമാനയാത്ര ഒരുക്കുകയാണ് ലക്ഷ്യം. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. അവര്‍ക്കായി മികച്ച യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ കാലങ്ങളില്‍ മലയാളികളുടെ യാത്രാദുരിതം കുറയ്ക്കുക എന്നതാണ് എയര്‍ കേരളയുടെ പ്രധാന ലക്ഷ്യമെന്നും ഹാരിഷ് മൊയ്ദീന്‍ കുട്ടി പറഞ്ഞു.കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അള്‍ജിയേഴ്‌സ് ഖാലിദ്, ടോം പി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Spread the love