സുരക്ഷാ നയരൂപീകരണത്തില്‍ സെക്യൂരിറ്റി സിസ്റ്റം കൈകാര്യം ചെയ്യുന്നവരുടെ പങ്ക് നിര്‍ണ്ണായകം: പ്രതിപക്ഷ നേതാവ് വി. ഡി സതീശന്
കൊച്ചി : സുരക്ഷാ സംവിധാനങ്ങളുടെ പുത്തന്‍ അറിവുകളുമായി ഓള് കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന് (അക്കേഷ്യ) കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്റ് ഓട്ടോമേഷന്‍ എക്സിബിഷന് ‘ഓട്ടോസെക് എക്സ്പോ 2025 ‘ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സുരക്ഷാ ക്യാമറകളുമായി ബന്ധപ്പെട്ട് എന്താണ് പുതിയ കാലമെന്നും അതിലെ മാറ്റമെന്താണെന്നും കേരളത്തിന്റെ നയരൂപീകരണ വിദഗ്ദരെ ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്റ് ഓട്ടോമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധരിപ്പിക്കണമെന്ന് വി.ഡി സതീശന് എംഎല്‍എ പറഞ്ഞു. സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് നയരൂപീകരണം നടത്തുമ്പോള്‍ പുതിയ അറിവുകള്‍ നിര്‍ണ്ണായകമാണെന്നും വി.ഡി സതീശന് പറഞ്ഞു.
ലോകം മുഴുവന്‍ വിസ്മയകരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുതിയ അറിവുകള്‍ ഉണ്ടാകുന്നതിന്റെ വേഗത വര്‍ധിച്ചുവരികയാണ്. ടെക്നോളജി അതിന്റെ പാരമ്യതയിലാണ്. എ ഐ കൂടി വന്നതോടെ അല്‍ഭുതകരമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. എ ഐ മനുഷ്യന്റെ ബുദ്ധിയ്ക്കൊപ്പമെത്തുന്ന കാലം വിദൂരമല്ല. മനുഷ്യന്റെ ബുദ്ധിയെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിനെയും തമ്മില്‍ ബന്ധിപ്പിച്ചാല്‍ മനുഷ്യന്റെ ബുദ്ധിശക്തി ഒരു ദശലക്ഷം പ്രാവശ്യം വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സുരക്ഷാ സംവിധാനങ്ങള്‍ പുതിയ കാലഘട്ടത്തിലേക്കും തലത്തിലേക്കുമാണ് പോകുന്നത്. നമ്മള് അറിയാതെ തന്നെ നാം ഒരോരുത്തരും നിരീക്ഷണ വലയത്തിലാണുള്ളത്. എല്ലായിടത്തും ആധുനിക സംവിധാനങ്ങളോടെയുള്ള നിരീക്ഷണ ക്യാമറകളാണ്. നമ്മള് ഒരാളെക്കുറിച്ച് പറയുന്നത് പിടിച്ചെടുത്ത് ഡീകോഡ് ചെയ്ത് ആരെപ്പറ്റിയാണ് നമ്മള് പറഞ്ഞതെന്നും എന്താണ് പറഞ്ഞതെന്നും കണ്ടെത്തുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വി.ഡി സതീശന് വ്യക്തമാക്കി. അക്കേഷ്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എ. ടി ജോസ് അധ്യക്ഷത വഹിച്ചു. വി.പി.എസ് ലേക്ക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള, കളമശേരി നഗരസഭാ കൗണ്‍സിലര്‍ റഫീഖ് മരയ്ക്കാര്‍, അക്കേഷ്യ സെക്രട്ടറി പി.വി ശ്യാംപ്രസാദ്, ട്രഷറര്‍ റിജേഷ് രാംദാസ്, അച്ചടക്ക സമിതി ചെയര്മാന് എം. രഞ്ജിത്, ഓട്ടോ സെക് ചെയര്മാന് സഞ്ജയ് സനല്‍, കണ്‍വീനര്‍ ദീപു ഉമ്മന്‍, അക്കേഷ്യ വൈസ് പ്രസിഡന്റുമാരായ സജയ് കുമാര്‍, ലിന്റോ ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറിമാരായ അനീഷ് വേണുഗോപാല്‍, സരണ്‍ ബാബു, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം മാഹിന്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. പ്രദര്‍ശനം നാളെ (13.09.2025) സമാപിക്കും. പ്രവേശനം സൗജന്യം.


