എ.കെ.ജി.എസ്.എം.എ : വിമതരെ സംഘടനയില്‍ നിന്നും പുറത്താക്കി

എ.കെ.ജി.എസ്.എം.എ തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഐമുഹാജി, എസ്. അബ്ദുല്‍ നാസര്‍, കൊടുവള്ളി സുരേന്ദ്രന്‍, കൃഷ്ണദാസ് എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി അസ്സോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

 

കൊച്ചി : കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഐമുഹാജി, എസ്. അബ്ദുല്‍ നാസര്‍, കൊടുവള്ളി സുരേന്ദ്രന്‍, കൃഷ്ണദാസ് എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി അസ്സോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഇവര്‍ അവതരിപ്പിക്കുന്ന സ്വര്‍ണ്ണ വിലകള്‍ക്കോ മറ്റ് ഇടപാടുകള്‍ക്കോ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി യാതൊരു ബന്ധവും ഇല്ലെന്നും സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു.

1945ല്‍ രൂപീകൃതമായ സംഘടനയില്‍ 2013 ല്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സംഘടന പിളര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളും കൊച്ചിയില്‍ യോഗം ചേര്‍ന്ന് ലയനം പ്രഖ്യാപിച്ച് ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലയനത്തെ അംഗീകരിക്കത്തവര്‍ സംഘടനയില്‍ നിന്നും പുറത്തുപോകണമെന്നും 80 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടനയുടെ പേരും ലോഗോയും ഉപയോഗിക്കരുതെന്നും, ഉപയോഗിച്ചാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി കെ.എ. ജലീല്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. സ്വര്‍ണ്ണത്തിന് ഇന്ത്യ ഒട്ടാകെ ഒരു വില എന്ന ലക്ഷ്യം കൈവരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുകയാണെന്ന് ട്രഷറര്‍ ബിന്ദു മാധവ്, വര്‍ക്കിംഗ് പ്രസിഡന്റ് റോയി പാലത്ര എന്നിവര്‍ പറഞ്ഞു.

Spread the love