ബദാം കഴിക്കുന്നത് കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പിന്തുണയ്ക്കുമെന്ന് ഗവേഷണ പഠനം

ബദാം കഴിക്കുന്നത് ബ്യൂട്ടൈറേറ്റ് എന്ന ഒരു ഷോര്‍ട്ട്‌ചെയിന്‍ ഫാറ്റി ആസിഡിന്റെ ഉത്പാദനം വര്‍ധിപ്പിക്കും
കൊച്ചി: ബദാം കഴിക്കുന്നത് കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പിന്തുണയ്ക്കുന്നുവെന്ന് ഗവേഷണ പഠന റിപ്പോര്‍ട്ട്. മെച്ചപ്പെട്ട ദഹനത്തിനും, അതുവഴി മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാന ഘടകമാണ് ഗുണകരമായ ബാക്ടീരിയകള്‍. ബദാം പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും, ഇത് ഗുണകരമായ കുടല്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ കുടല്‍ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ഭക്ഷ്യ സ്രോതസാണെന്നും ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുടെ ധനസഹായത്തോടെ നടന്ന ഗവേഷണ പഠനത്തില്‍ കണ്ടെത്തി. ബദാം കഴിക്കുന്നത് ബ്യൂട്ടൈറേറ്റ് എന്ന ഒരു ഷോര്‍ട്ട്‌ചെയിന്‍ ഫാറ്റി ആസിഡിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. ഇത് കുടലിനും ഹൃദയത്തിനും ഒരുപോലെ ഗുണകരമാണ്. വന്‍കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും അവയെ വളര്‍ത്തുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങളാണ് പ്രീബയോട്ടിക്കുകള്‍. ഇത് കുടലിലെ ബാക്ടീരിയകളുടെ വൈവിധ്യത്തെയും സന്തുലിതാവസ്ഥയെയും സഹായിക്കും.

ഇതുവഴി ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. പുതിയ ഗവേഷണങ്ങള്‍ അനുസരിച്ച് ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിച്ചേക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡീഗോയിലെ പ്രൊഫസറും, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ന്യൂട്രീഷന്‍ ഫോര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവിന്റെ പ്രോജക്ട് ലീഡുമായ പ്രൊഫസര്‍ ജാക്ക് ഗില്‍ബര്‍ട്ട് പറഞ്ഞു. നാരുകള്‍, പോളിഫിനോള്‍സ്, ഒലിഗോസാക്കറൈഡ്‌സ് പോലുള്ള ദഹിക്കാത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് അവയുടെ പ്രീബയോട്ടിക് പ്രഭാവത്തിന് കാരണമാകുന്നു. ഈ പോഷകങ്ങള്‍ ഗുണകരമായ കുടല്‍ ബാക്ടീരിയകളാല്‍ വിഘടിപ്പിക്കപ്പെടുകയും അവയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുകയും ഷോര്‍ട്ട്‌ചെയിന്‍ ഫാറ്റി ആസിഡ്‌സ് പോലുള്ള ഗുണകരമായ സംയുക്തങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ് തുടങ്ങിയ ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത് രോഗങ്ങളെ തടയാനും ആയുസ് കൂട്ടാനും അത്യന്താപേക്ഷിതമാണെന്ന്  ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു