ലോകത്തിന് ആവശ്യം സുസ്ഥിര
വികസനം: മന്ത്രി പി പ്രസാദ്.

ത്രിദിന അന്താരാഷ്ട്ര ഉച്ചകോടി അമൃതയില്‍ സമാപിച്ചു.

 

കൊച്ചി: ലോകത്ത് വികസനം സുസ്ഥിരമാകണമെങ്കില്‍ അത് പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. അമൃതയില്‍ നടന്നുവന്ന ത്രിദിന അന്താരാഷ്ട്ര ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നമാമി ഗംഗ പദ്ധതിക്ക് മാതാ അമൃതാനന്ദമയി ദേവി നൂറുകോടി രൂപ സഹായം നല്‍കിയത് നദികളുടെ വീണ്ടെടുപ്പ് എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി നന്നാവാന്‍ മനസ്ഥിതി നന്നാവണമെന്ന മാതാ അമൃതാനനന്ദമയിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച അദ്ദേഹം ഇന്നിന്റെ ആവശ്യങ്ങള്‍ക്കായി നാളെയുടെ പരിസ്ഥിതിയെ ഇല്ലായ്മ ചെയ്യരുതെന്നും ഓര്‍മിപ്പിച്ചു.

മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, മാതൃഭൂമി പിആര്‍ വൈസ് പ്രസിഡന്റ് പി. വി. മിനി, മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസറും അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷനുമായ ഡോ. ശ്രീവല്‍സന്‍ ജെ. മേനോന്‍, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡയറക്ടറും ഡീനുമായ ഡോ. യു കൃഷ്ണകുമാര്‍. അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ഡയറക്ടര്‍ ഡോ. പി. റാം മനോഹര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന മുദ്രാവാക്യം സമൂഹത്തിന് മുന്‍പില്‍ വെച്ചാണ് അന്താരാഷ്ട്ര ഉച്ചകോടിക്ക് അമൃതയില്‍ തിരശീല വീണത്. പരിസ്ഥിതി നാശോന്മുഖമാക്കുന്ന വികസന പദ്ധതികള്‍ക്ക് ബദല്‍, പരിസ്ഥിതി സൗഹൃദ വികസന പദ്ധതികള്‍ തന്നെയെന്ന് മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടി സാക്ഷ്യപ്പെടുത്തി.

Spread the love