അമൃതയില്‍ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടിക്ക് തുടക്കമായി

.കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. കണ്ണന്‍ സി വാര്യര്‍ ഉദ്ഘാടനം ചെയ്തു.

 

കൊച്ചി: അമൃതയില്‍ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടിക്ക് തുടക്കമായി.സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ആശയത്തിലൂന്നി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ഉച്ചകോടിക്ക് ആണ് അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് വേദിയാകുന്നത്. .കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. കണ്ണന്‍ സി വാര്യര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വന സമ്പത്തുകള്‍ കുറിച്ചും വിശ്വാസത്തിന്റെ ഭാഗമായി വനസംരകഷണത്തിന് വിവിധ ജനവിഭാഗങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഡോ. കണ്ണന്‍ സി വാര്യര്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.

പ്രകൃതിയുടെ സ്വാഭാവിക ഒഴുക്കിന് ഒപ്പം നീങ്ങിയാല്‍ സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ അമൃത കിരണം മാഗസിന്റെ പ്രകാശനവും, ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ഹ്രസ്വ ചലച്ചിത്ര വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ അന്ധകാറിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. പാനല്‍ ചര്‍ച്ചകള്‍, ജൈവ വൈവിധ്യ സംരക്ഷണ പരിശീലന ശില്പശാലകള്‍ എന്നിവയും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഡോ. ഹര്‍ഷ ഭാര്‍ഗവി (സാംസ്‌കാരിക മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്), ഡോ. എറിക് ബീന്‍ (ഇന്ത്യാന ടെക് യൂണിവേഴ്‌സിറ്റി, യുഎസ്എ), ഡോ. നിര്‍മ്മാല്യ മുഖര്‍ജി (സെന്റര്‍ ഫോര്‍ പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്) എന്നിവരുള്‍പ്പെടെ പ്രശസ്തരായ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സുസ്ഥിരതയ്ക്ക് നിര്‍മ്മിത ബുദ്ധിയുടെ പങ്ക് എന്ന വിഷയത്തില്‍ ശില്പശാല, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ സ്റ്റാളുകള്‍ എന്നിവ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.

Spread the love