അമൃത വിശ്വ വിദ്യാപീഠം ക്യാമ്പസില്‍ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടി മാര്‍ച്ച് 5 മുതല്‍

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചാണ് അമൃത സ്‌കൂള്‍സ് ഓഫ് ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്‌സ് ത്രിദിന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്

 

കൊച്ചി: കൊച്ചി അമൃത വിശ്വ വിദ്യാപീഠം ക്യാമ്പസില്‍ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടി മാര്‍ച്ച് 5 മുതല്‍ ഏഴുവരെ നടക്കുമെന്ന് അമൃത വിശ്വവിദ്യാപീഠം സ്‌കൂള്‍സ് ഓഫ് ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്‌സ് ഡീനും ക്യാംപസ് ഡയറക്ടറുമായ പ്രൊഫ. യു കൃഷ്ണകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചാണ് അമൃത സ്‌കൂള്‍സ് ഓഫ് ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്‌സ് ത്രിദിന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കൊച്ചി അമൃത വിശ്വ വിദ്യാപീഠത്തിലെ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ്, വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, പ്രസ്തുത മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് ഫെബ്രുവരി 25 വരെ പ്രബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. പാനല്‍ ചര്‍ച്ചകള്‍, ജൈവ വൈവിധ്യ സംരക്ഷണ പരിശീലന ശില്പശാലകള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡോ. ഹര്‍ഷ ഭാര്‍ഗവി (സാംസ്‌കാരിക മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്), ഡോ. എറിക് ബീന്‍ (ഇന്ത്യാന ടെക് യൂണിവേഴ്‌സിറ്റി, യുഎസ്എ), ഡോ. നിര്‍മ്മാല്യ മുഖര്‍ജി (സെന്റര്‍ ഫോര്‍ പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്) എന്നിവരുള്‍പ്പെടെ പ്രശസ്തരായ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

സുസ്ഥിരതയ്ക്ക് നിര്‍മ്മിത ബുദ്ധിയുടെ പങ്ക് എന്ന വിഷയത്തില്‍ ശില്പശാല, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ സ്റ്റാളുകള്‍ എന്നിവ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ നിര്‍മാണം , ഹ്രസ്വ ചിത്ര മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി ബാലസുബ്രഹ്മണ്യന്‍, ഡോ. എസ് ദിനേഷ് ബാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Spread the love