അനിമേഷന്‍ ഗില്‍ഡ് പുരസ്‌ക്കാരം നേടി യൂനോയിന്‍സ് സ്റ്റുഡിയോ

മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയന്‍സിനെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്

 

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യുനോയിയന്‍സ് സ്റ്റുഡിയോ അനിമേറ്റേഴ്സ് ഗില്‍ഡ് ഇന്ത്യ ഫെസ്റ്റ് 2024 ല്‍ മൂന്ന് പുരസ്‌ക്കാരങ്ങള്‍ നേടി. മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയന്‍സിനെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്.മികച്ച ചലച്ചിത്ര ഡിസൈന്‍, മികച്ച കലാസംവിധാനം/അനിമേറ്റഡ് പ്രൊഡക്ട് ഡിസൈന്‍, ഇനോവേറ്റീവ് ടെക്നിക്കല്‍ കോണ്‍ട്രിബ്യൂഷന്‍ ടു ആന്‍ അനിമേറ്റഡ് പ്രൊജക്ട് എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌ക്കാരമാണ് ഇവര്‍ക്ക് ലഭിച്ചത്.

സര്‍ഗ്ഗാത്മക മികവിനും സാങ്കേത്തികത്തികവിനും ലഭിച്ച സാക്ഷ്യപത്രമാണ് എജിഐ പുരസ്‌ക്കാരങ്ങളെന്ന് യൂനോയിയന്‍സ് സഹസ്ഥാപകന്‍ അസീം കാട്ടാളി പറഞ്ഞു. അനിമേഷന്‍ രംഗത്തെ അതിര്‍വരമ്പുകള്‍ മറികടക്കാനുള്ള തന്റെ സംഘത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഈ പുരസ്‌ക്കാരത്തിന് പിന്നിലെ രഹസ്യം. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിനും രാഹുല്‍ സദാശിവനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടി ഡി രാമകൃഷ്ണന്റെ തിരക്കഥയില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച നിരൂപക പ്രശംസയും തിയേറ്റര്‍ സ്വീകാര്യതയും ഒരേ പോലെ നേടിയ ചിത്രമായിരുന്നു.കഴിഞ്ഞ ഒരു ദശാബ്ദക്കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര അനിമേഷന്‍ സ്റ്റുഡോയോ ആയി യൂനോയിയന്‍സ് മാറി. സിനിമ, പരസ്യം, ഡിജിറ്റല്‍ മീഡിയ, തുടങ്ങി വൈവിദ്ധമാര്‍ന്ന മാധ്യമമേഖലകളില്‍ സജീവ സാന്നിധ്യമറിയിച്ച സ്റ്റുഡിയോ ആണ് യൂനോയിയന്‍സ്

 

Spread the love