‘ആന്റിബയോട്ടിക് സ്മാര്‍ട്ട് വര്‍ക്ക്‌പ്ലേസ്’ ഇനിഷ്യേറ്റീവിന്റെ ഉദ്ഘാടനം ഡൈനാബുക്ക് ( തോഷിബ) ദക്ഷിണേഷ്യ ഓപ്പറേഷന്‍സ് മേധാവി രഞ്ജിത്ത് വിശ്വനാഥന്‍ ചടങ്ങില്‍ നിര്‍വഹിച്ചു.
കൊച്ചി: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗ രീതികള്‍ വിപരീത ഫലം സൃഷ്ടിക്കുമെന്ന് ആഗോള പൊതുജനാരോഗ്യ വിദഗ്ധനും റിയാക്റ്റ് ഏഷ്യയുടെ ഡയറക്ടറുമായ ഡോ: എസ് എസ് ലാല്‍ പറഞ്ഞു. ആഗോള സംഘടനയായ റിയാക്റ്റ് ഏഷ്യ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി, സാമൂഹ്യ കൂട്ടായ്മയായ ‘ടുഗതെര്‍ വി ക്യാന്‍’ എന്നിവര്‍ സംയുക്തമായി കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച കേരളത്തില്‍ ആദ്യ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കോര്‍പ്പറേറ്റ് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആന്റിബയോട്ടിക്കുകളുടെ തുടര്‍ച്ചയായതും അനുചിതവുമായ ഉപയോഗം ആന്റിബയോട്ടിക് റസിസ്റ്റന്‍സിലേക്ക് നയിക്കും. ഇത് രോഗം ഗുരുതരമാക്കുന്നതിനൊപ്പം മരണ സാധ്യതയും വര്‍ദ്ധിപ്പിക്കും.കോര്‍പ്പറേറ്റ് തൊഴിലിടങ്ങളിലും വ്യവസായ മേഖലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റിബയോട്ടിക് റസിസ്റ്റന്‍സുമായി ബന്ധപ്പെട്ട അവബോധം നടത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയായിരുന്നു സമ്മിറ്റ് നടത്തിയത്.
‘ആന്റിബയോട്ടിക് സ്മാര്‍ട്ട് വര്‍ക്ക്‌പ്ലേസ്’ ഇനിഷ്യേറ്റീവിന്റെ ഉദ്ഘാടനം ഡൈനാബുക്ക് ( തോഷിബ) ദക്ഷിണേഷ്യ ഓപ്പറേഷന്‍സ് മേധാവി രഞ്ജിത്ത് വിശ്വനാഥന്‍ ചടങ്ങില്‍ നിര്‍വഹിച്ചു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള അവബോധന പരിപാടികളുടെ മാര്‍ഗരേഖയും സമ്മിറ്റില്‍ അവതരിപ്പിച്ചു. തൊഴിലിടങ്ങളിലെ ആന്റിബയോട്ടിക് ഉപയോഗവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചര്‍ച്ചകള്‍ക്ക് കൈരളി ടി എം ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത്, ഹീല്‍ ഫൗണ്ടര്‍ രാഹുല്‍ മാമ്മന്‍, രാജഗിരി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ സണ്ണി പി ഓരത്തേല്‍, മാധ്യമപ്രവര്‍ത്തകന്‍ സി. സജില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ ആദ്യത്തെ ‘ആന്റിബയോട്ടിക് സ്മാര്‍ട്ട്’ തൊഴിലിടത്തിനുള്ള പുരസ്‌കാരം കൊച്ചി ആസ്ഥാനമായുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഐ.വി.ബി.എമ്മിന് ചടങ്ങില്‍ സമ്മാനിച്ചു. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ ജേക്കബ് എബ്രഹാം, ഐ.വി.ബി.എം വൈസ് പ്രസിഡന്റ് കെ.എസ് ഫസലു റഹ്മാന്‍, റിയാക്റ്റ് ഏഷ്യ പ്രോഗ്രാം മാനേജര്‍ ഡോ ഹൈഫ മുഹമ്മദലി, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.