എഒഐകോണ്‍ 2025 ഉദ്ഘാടനം ചെയ്തു
കൊച്ചി: വൈദ്യശാസ്ത്ര മേഖല അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76-ാമത് ദേശീയ സമ്മേളനം എഒഐകോണ്‍ 2025 എറണാകുളം ലെ മെറീഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രമേഖലയില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നിരന്തരമായ പഠനം ആവശ്യമാണ്. എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും മാനുഷിക മൂല്യങ്ങള്‍ ഡോക്ടര്‍മാര്‍ നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.
എഒഐ ദേശീയ പ്രസിഡന്റ് ഡോ.ശങ്കര്‍ ബി മെഡിക്കേരി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. അച്ചല്‍ ഗുലാട്ടി, ഡോ. ജയകുമാര്‍ മേനോന്‍, ഡോ. എ. എം സഹാ, ഡോ.അനില്‍ പട്ടേല്‍ എന്നിവരെ ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. വിദേശ പ്രതിനിതികളായ ഡോ. റിച്ചാര്‍ഡ് ഹാര്‍വെ, ഡോ.തോമസ് ലെനാറസ്, ഡോ.നിര്‍മ്മല്‍ കുമാര്‍, ഡോ.അമല്‍ ഇസയ്യ എന്നിവരെ എഒഐയുടെ ഓണററി അംഗത്വം നല്‍കി. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം മുഖ്യ അതിഥിയായിരുന്നു.
എഒഐകോണ്‍ 2025 സോവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. എഒഐയുടെ പുതിയ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ദ്വൈയ്പന്‍ മുഖര്‍ജിയുടെ സ്ഥാനാരോഹണവും ചടങ്ങില്‍ നടന്നു. ഐഒഐ ദേശിയ സെക്രട്ടറി ഡോ. കൗശല്‍ സേത്ത്, ട്രഷറര്‍ ഡോ.യോഗേഷ് ധബോല്‍ക്കര്‍, എഒഐകോണ്‍ 2025 ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക്, കോ-ചെയര്‍മാന്‍ ഡോ.മുഹമ്മദ് നൗഷാദ്, സെക്രട്ടറി ഡോ.പ്രവീണ്‍ ഗോപിനാഥ്, ട്രഷറര്‍ ഡോ. കെ. ജി സജു, എഒഐ സംസ്ഥാന പ്രസിഡന്റ് ഡോ. ശങ്കര്‍ മഹാദേവന്‍, സെക്രട്ടറി ഡോ. അമല്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.