എ.ഐ  അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തല്‍ 20,000 ജിപിയുകള്‍ കൂടി ഇന്ത്യ കൂട്ടിച്ചേര്‍ക്കും

ഉത്തരവാദിത്തമുള്ള എഐ വികസനത്തിലും നിര്‍മ്മിതബുദ്ധിയുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുടനീളമുള്ള അതിന്റെ വ്യാപകമായ വിന്യാസത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ന്യൂഡല്‍ഹി: ദേശീയ എ.ഐ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നിലവിലുള്ള 38,000 ഡിപിയുകള്‍ക്ക് പുറമേ 20,000 ജിപിയുകള്‍ കൂടി ഇന്ത്യ കൂട്ടിച്ചേര്‍ക്കുമെന്ന്  കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രിഅശ്വിനി വൈഷ്ണവ്. 2026ലെ ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം വരും ആഴ്ചകളില്‍ 20,000 ജിപിയുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതോടെ ഇന്ത്യയുടെ കമ്പ്യൂട്ട് ശേഷി നിലവിലുള്ള 38,000ത്തിന് അപ്പുറത്തേക്ക് വിപുലീകരിക്കും. കമ്പ്യൂട്ട് അടിസ്ഥാന സൗകര്യങ്ങളുടെ ഗണ്യമായ വിപുലീകരണവും ഉത്തരവാദിത്തമുള്ള നിര്‍മ്മിതബുദ്ധി  വിന്യാസവും ലക്ഷ്യമിടുന്ന ഇന്ത്യയുടെ എഐ തന്ത്രത്തിന്റെ അടുത്ത ഘട്ടമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉത്തരവാദിത്തമുള്ള എഐ വികസനത്തിലും നിര്‍മ്മിതബുദ്ധിയുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുടനീളമുള്ള അതിന്റെ വ്യാപകമായ വിന്യാസത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മറ്റ് പല രാജ്യങ്ങളിലും എഐ അടിസ്ഥാന സൗകര്യങ്ങള്‍ ചുരുക്കം ചില കമ്പനികളുടെ നിയന്ത്രണത്തിലാണെങ്കില്‍, ഇന്ത്യ അതിന്റെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് എഐ കമ്പ്യൂട്ട് ആക്‌സസ് നല്‍കിയിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള നിക്ഷേപം വരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡീപ്പ്‌ടെക്  സ്റ്റാര്‍ട്ടപ്പുകളോടുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളുടെ പ്രതിബദ്ധത അദ്ദേഹം ചൂണ്ടിക്കാട്ടുകയും എഐ സ്റ്റാക്കിന്റെ അഞ്ച് തലങ്ങളിലുടനീളം നിക്ഷേപങ്ങള്‍ ഒഴുകിവരികയാണെന്നും അദ്ദേഹം പറഞ്ഞു. വലിയ പരിഹാരങ്ങള്‍ക്കും പ്രധാന ആപ്ലിക്കേഷനുകള്‍ക്കുമായി വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളും മറ്റ് പങ്കാളികളും ഫണ്ട് മാറ്റിവെയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടി വ്യവസായം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തുകളില്‍ ഒന്നാണെന്നും സാങ്കേതികവിദ്യയിലെ ഓരോ മാറ്റവും വ്യവസായം, അക്കാദമിക് മേഖല, സര്‍ക്കാര്‍ എന്നിവ സംയുക്തമായി കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മൂന്ന് മേഖലകളിലാണ് പ്രവര്‍ത്തനം നടന്നുവരുന്നത്. നിലവിലുള്ള തൊഴില്‍ സേനയുടെ നൈപുണ്യ വികസനവും പുനര്‍നൈപുണ്യവും, പുതിയ പ്രതിഭകളെ സൃഷ്ടിക്കല്‍, ഭാവി തലമുറ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കായി സജ്ജരാണെന്ന് ഉറപ്പാക്കല്‍ എന്നിവയാണവ. ഈ മൂന്ന് ശ്രമങ്ങളും സമാന്തരമായി പുരോഗമിക്കുകയാണ്. വൈദ്യുതി ഉത്പാദന ശേഷിയുടെ 50 ശതമാനത്തിലധികവും  ശുദ്ധമായ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടി. നിലവില്‍ ഇത് ഏകദേശം 51 ശതമാനമാണ്, ഇത് രാജ്യത്തിന് ഗണ്യമായ നേട്ടം പ്രദാനം ചെയ്യുന്നു. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രോഗ്രാം ഇപ്പോള്‍ എഐ അധിഷ്ഠിത പുനര്‍നൈപുണ്യ വികസനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭകളുടെ ലഭ്യത പുതുമയുള്ളതായി നിലനിര്‍ത്തുന്നതിനും യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവും എഐസിടിഇ യും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തദ്ദേശീയ എഐ മോഡലുകളെ സംബന്ധിച്ച്, ഉച്ചകോടിയില്‍ അവതരിപ്പിച്ച നിരവധി മോഡലുകള്‍ ഒന്നിലധികം മാനദണ്ഡങ്ങള്‍ പ്രകാരം പരീക്ഷിക്കപ്പെട്ടവയും അളക്കപ്പെട്ടവയുമാണെന്ന് മന്ത്രി പറഞ്ഞു. ആഗോള മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പല ഇന്ത്യന്‍ മോഡലുകളും പ്രമുഖ അന്താരാഷ്ട്ര എഐ സംവിധാനങ്ങളേക്കാള്‍ മികച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ നവീകരണ ശേഷിയെ അടിവരയിടുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആഗോളതലത്തിലെ മികച്ച മൂന്ന് എഐ രാജ്യങ്ങളില്‍ ഒന്നായി സ്റ്റാന്‍ഫോര്‍ഡ് ഇന്ത്യയെ റാങ്ക് ചെയ്തതായും അദ്ദേഹം സൂചിപ്പിച്ചു. എഐയുടെ ദുരുപയോഗത്തിനുള്ള സാധ്യത അംഗീകരിച്ചുകൊണ്ട്, ദോഷകരമായ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനോടൊപ്പം എഐ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സാങ്കേതികനിയമ സമീപനത്തിന്റെ പ്രാധാന്യം  മന്ത്രി എടുത്തുപറഞ്ഞു. ഈ സമീപനം സാങ്കേതിക പരിഹാരങ്ങളെ നിയന്ത്രണ ചട്ടക്കൂടുകളുമായി സംയോജിപ്പിക്കുന്നു. ഒന്നിലധികം അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റിയൂട്ട് എന്ന വിര്‍ച്വല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, എഐ ദുരുപയോഗം തടയുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മിതബുദ്ധി അഞ്ചാം വ്യാവസായിക വിപ്ലവത്തിന് കരുത്ത് പകരുന്നതായും അത് സമ്പദ്‌വ്യവസ്ഥയുടേയും സമൂഹത്തിന്റേയും എല്ലാ മേഖലകളേയും സ്വാധീനിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ പരിപാലനം കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റാന്‍ കഴിയുന്ന, ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട പരിഹാരങ്ങളേയും, ഓരോ വിദ്യാര്‍ത്ഥിക്കും അനുയോജ്യമായ രീതിയിലുള്ള പഠനം സാധ്യമാക്കുന്ന വിദ്യാഭ്യാസ പരിഹാരങ്ങളേയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സെമികണ്ടക്ടര്‍ 2.0 യില്‍ രൂപകല്‍പ്പനയ്ക്കായിരിക്കും പ്രാഥമിക മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നവീകരണ പ്രവര്‍ത്തനങ്ങളുടേയും വികസന ശ്രമങ്ങളുടേയും ഫലമായി വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കുറഞ്ഞത് 50 ഡീപ്പ്‌ടെക് സ്റ്റാര്‍ട്ടപ്പുകളെങ്കിലും ഉയര്‍ന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ 2.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഉത്തരവാദിത്തമുള്ള നവീകരണത്തിനായി എഐ ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്തതായി മന്ത്രി അറിയിച്ചു. ഈ സംരംഭം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു