വരുമാനത്തില്‍ 15 % വര്‍ധന നേടി ആസ്റ്റര്‍ ഇന്ത്യ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 2,721 കോടി രൂപയായിരുന്നു വരുമാനം

 

കൊച്ചി: രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളില്‍ ഒന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, 2024 ഡിസംബര്‍ 31 വരെയുള്ള സാമ്പത്തികനേട്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യത്തെ 9 മാസത്തെ (ഏപ്രില്‍ 1, 2024 മുതല്‍ ഡിസംബര്‍ 31, 2024, വരെ) കാലയളവില്‍ ആകെ വരുമാനം 15% വര്‍ധിച്ച് 3,138 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 2,721 കോടി രൂപയായിരുന്നു വരുമാനം.2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെയുള്ള മൂന്നാം പാദത്തിലെ വരുമാനം 11 ശതമാനം വളര്‍ച്ചരേഖപ്പെടുത്തി 1,050 കോടിയിലെത്തി. പോയവര്‍ഷം ഇത് 949 കോടിയായിരുന്നു.കഴിഞ്ഞ 3 പാദങ്ങളിലെ പ്രവര്‍ത്തനവരുമാനം 35% വളര്‍ന്ന് 613 കോടി രൂപയിലെത്തി. പോയവര്‍ഷം ഇതേകാലയളവില്‍ നേടിയത് 453 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ പ്രവര്‍ത്തന ലാഭവിഹിതം പോയവര്‍ഷത്തെ 16.6% ത്തെ അപേക്ഷിച്ച് 19.5% ല്‍ എത്തി.

പ്രവര്‍ത്തന ലാഭവിഹിതം 19.3% വളര്‍ച്ച കൈവരിച്ചു. മുന്‍വര്‍ഷം ഇത് 17.7% ആയിരുന്നു. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ആസ്റ്റര്‍ ഇന്ത്യയുടെ നികുതിയിതര വരുമാനത്തില്‍ 103% ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. മുന്‍വര്‍ഷത്തെ 204 കോടി രൂപയെന്ന നേട്ടത്തെ നിഷ്പ്രഭമാക്കിയ സ്ഥാപനം, ഈ കാലയളവില്‍ നേടിയത് 413 കോടി രൂപയുടെ ലാഭമാണ്.ഇതില്‍ നിക്ഷേപകര്‍ക്കുള്ള വിഹിതം കിഴിച്ചുള്ള ലാഭം 251 കോടി രൂപയാണ്. അതായത്, 65% വളര്‍ച്ച. കഴിഞ്ഞസാമ്പത്തികവര്‍ഷം ഇത് 153 കോടിയായിരുന്നു. ലയനത്തിനായി കമ്പനി ചെലവഴിച്ച 23.7 കോടി രൂപയുള്‍പ്പെടെയുള്ളതാണ് ഈ കണക്കുകള്‍. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഈ സാമ്പത്തികവര്‍ഷത്തിലെ മൂന്നാംപാദത്തിലുംകാഴ്ചവെച്ചിട്ടുള്ളതെന്ന് സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 2027ലെ സാമ്പത്തികവര്‍ഷത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ശൃംഖലയിലെ ആശുപത്രികളിലുള്ള കിടക്കകളുടെഎണ്ണം 6800 ആയി വികസിപ്പിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഓഹരിയുടമകള്‍ക്ക് ഓരോ ഷെയറിനും 4 രൂപയുടെ ലാഭവിഹിതം വിതരണം ചെയ്യാനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു.

Spread the love