ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി
വിപുലീകരിച്ചു; 100 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തി 

കേരളം ഒരു ലോകോത്തര മെഡിക്കല്‍ ടൂറിസം കേന്ദ്രമായി അതിവേഗം വളരുകയാണ്. പൊതുസ്വകാര്യ മേഖലകളുടെ പരസ്പര സഹകരമാണ് അതിന്റെ പ്രധാന ശക്തി

 

കൊച്ചി: നൂറു കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രി വിപുലീകരിച്ചു.
പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. കേരളം ഒരു ലോകോത്തര മെഡിക്കല്‍ ടൂറിസം കേന്ദ്രമായി അതിവേഗം വളരുകയാണ്. പൊതുസ്വകാര്യ മേഖലകളുടെ പരസ്പര സഹകരമാണ് അതിന്റെ പ്രധാന ശക്തി. നമ്മുടെ സംസ്ഥാനം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ നേട്ടത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി നല്‍കുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരു പ്രധാന ഘടകമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, നസീറ മൂപ്പന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടറും കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സിന്റെ ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ആസ്റ്റര്‍ ഇന്ത്യ സിഒഒ രമേശ് കുമാര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

മധ്യകേരളത്തില്‍ ഉന്നതനിലവാരമുള്ള നൂതന ചികിത്സാരീതികള്‍ക്ക് തേടിയെത്തുന്ന വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് കൂടുതല്‍ സൗകര്യങ്ങളുമായി ആശുപത്രി വികസിപ്പിച്ചതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വിശാലമായ പുതിയ നാലാമത്തെ ടവറില്‍, 100 രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സൗകര്യമുണ്ട്. നാലാം തലത്തിലുള്ള (ക്വാട്ടേര്‍ണറി) ഉന്നതചികിത്സയ്ക്ക് ആഗോളതലത്തില്‍ ജെ.സി.ഐ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ്, ആസ്റ്റര്‍ ഏസ്‌തെറ്റിക്‌സ്, പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്ടീവ് സര്‍ജറി ,ഡെര്‍മറ്റോളജി എന്നീ പ്രധാന വിഭാഗങ്ങള്‍ ഇനിമുതല്‍ പുതിയ കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. വൈദ്യശാസ്ത്ര രംഗത്ത് മികവിന്റെയും ആധുനികതയുടെയും സാമൂഹികസേവനത്തിന്റെയും പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പുതിയ കെട്ടിടം പ്രവര്‍ത്തനം തുടങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ‘ടേക്ക് ചാര്‍ജ്’ എന്ന പേരില്‍ പുതിയ ക്യാമ്പയിന് എം പി ഹൈബി ഈഡന്‍ തുടക്കം കുറിച്ചു.

നവീകരിച്ച ആസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. 360ഡിഗ്രി ഹാര്‍ട്ട് കെയര്‍ വിഭാഗം ടി.ജെ. വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അറ്റുപോയ കൈപ്പത്തി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചികിത്സയിലൂടെ വിജയകരമായി തുന്നിചേര്‍ത്ത എം. ജി മനോജാണ് ഏസ്തറ്റിക്‌സ് വിഭാഗം ഉദ്ഘാടനം ചെയ്തത്. എംഎല്‍എ റോജി എം. ജോണ്‍, ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കെജി, പന്ത്രണ്ടാം വാര്‍ഡിലെ മെമ്പര്‍ ടി.ആര്‍ ഭരതന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Spread the love