വെങ്കലപ്പാത്രത്തിലെ അരിമണികളിലൂടെ ഡോ. മാത്യു ജേക്കബ് ശിഖയുടെ കുഞ്ഞുവിരലുകള്‍ നീക്കിയപ്പോള്‍, അതാരാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ലെങ്കിലും, ആ കൈകളില്‍ ആ കുഞ്ഞ് മുറുകെപ്പിടിച്ചിരുന്നു.
കൊച്ചി: സിആര്‍പിഎഫ് ജവാന്‍ അനിലാലിന്റെ മകളെ എഴുത്തിനിരുത്താന്‍ സമയമായി. കൈപിടിച്ച് ആദ്യാക്ഷരം എഴുതിക്കാന്‍ ഗുരുസ്ഥാനീയനായ ഒരു വ്യക്തിയെ വേണം. അതാരായിരിക്കണമെന്ന ചോദ്യത്തിന് രണ്ട് വയസുകാരി ശിഖയുടെ കുടുംബത്തിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല; ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കരള്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മാത്യു ജേക്കബ്. രണ്ട് വര്‍ഷം മുന്‍പ്, തങ്ങളുടെ പൊന്നുമോളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അതേ കൈകള്‍ തന്നെ അവളെ ആദ്യാക്ഷരമെഴുതിക്കണം. വെങ്കലപ്പാത്രത്തിലെ അരിമണികളിലൂടെ ഡോ. മാത്യു ജേക്കബ് ശിഖയുടെ കുഞ്ഞുവിരലുകള്‍ നീക്കിയപ്പോള്‍, അതാരാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ലെങ്കിലും, ആ കൈകളില്‍ ആ കുഞ്ഞ് മുറുകെപ്പിടിച്ചിരുന്നു.
വെറും ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ശിഖയ്ക്ക് കരള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത്. കായംകുളം സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ അനിലാലിന്റെയും വിനീത എസ്പിയുടെയും രണ്ടാമത്തെ മകളാണ് ശിഖ. ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ശിഖ ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ഉദരത്തില്‍ അസാധാരണമായ നീര്‍ക്കെട്ടും വേദനയും. കുഞ്ഞിക്കണ്ണുകളില്‍ ഭയാനകമാംവിധം മഞ്ഞനിറം മൂടിയിരുന്നു. ആദ്യം തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. നവജാത ശിശുക്കളെ ബാധിക്കുന്ന ബിലിയറി അട്രീഷ്യ എന്ന അപൂര്‍വരോഗമാണ് ശിഖയ്ക്കുള്ളതെന്ന് അവര്‍ കണ്ടെത്തി. കരളില്‍ നിന്നും പിത്താശയത്തിലേക്ക് പിത്തരസം കടന്നുപോകുന്നത് പിത്തനാളിയിലൂടെയാണ്. അതിന് തടസമുണ്ടായാല്‍ കരളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. വെറും 69 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ശിഖയ്ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. അതൊരു താത്കാലിക ആശ്വാസം മാത്രമായിരുന്നു.
ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പിത്തനാളിയില്‍ നീര്‍വീക്കമുണ്ടാകുന്നത് പതിവായി. കുഞ്ഞിന്റെ അവസ്ഥ കൂടുതല്‍ മോശമായിക്കൊണ്ടിരുന്നു. ഏറ്റവും മികച്ച ചികിത്സയ്ക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ അന്വേഷണം അവസാനിച്ചത് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലായിരുന്നു. പീഡിയാട്രിക് മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ആയ ഡോ. ഗീത മമ്മയില്‍ ആണ് ശിഖയെ ആദ്യം പരിശോധിച്ചത്. കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും സങ്കീര്‍ണമാണെന്ന് മനസ്സിലായതോടെ കുഞ്ഞിനെ ഉടന്‍ തന്നെ ഡോ. മാത്യു ജേക്കബിന് റെഫര്‍ ചെയ്തു. ഹെപറ്റോ പാന്‍ക്രിയാറ്റോ ബിലിയറി ആന്‍ഡ് അബ്‌ഡോമിനല്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണ് അദ്ദേഹം. കരള്‍ മാറ്റിവെയ്ക്കുകയല്ലാതെ ശിഖയുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.
ശിഖയുടെ അമ്മ കരള്‍ പകുത്തുനല്‍കാന്‍ തയാറായെങ്കിലും, വിനീതയുടെ കരള്‍ കുഞ്ഞിന് ചേരില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. പേരക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മുത്തശ്ശി പ്രസന്ന കുമാരി ഉടന്‍ തന്നെ സന്നദ്ധത അറിയിച്ചു. മുത്തശ്ശിയുടെ രക്തഗ്രൂപ്പ് ശിഖയ്ക്ക് അനുയോജ്യമായിരുന്നില്ല. എങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള കുടുംബത്തിന്റെ തീക്ഷ്ണമായ ആഗ്രഹത്തിനും സ്‌നേഹത്തിനും മുന്നില്‍ എല്ലാ തടസങ്ങളും തോറ്റുപിന്‍വാങ്ങി. അങ്ങനെ 2023 മെയ് 20ന്, വെറും ഒമ്പത് മാസം മാത്രം പ്രായമുള്ളപ്പോള്‍ ശിഖയ്ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ദൗത്യം, ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി പൂര്‍ത്തിയാക്കി. 23 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ശിഖ വീട്ടിലേക്ക് മടങ്ങി. ഭൂമിയിലേക്കിറങ്ങി വന്ന നാള്‍മുതല്‍ അവളെ വേദനിപ്പിച്ചിരുന്ന രോഗാവസ്ഥകളില്‍ നിന്ന് മുക്തിനേടി.
അതേ കുഞ്ഞിനെ എഴുത്തിനിരുത്താന്‍ ഭാഗ്യം ലഭിച്ചത് ഒരനുഗ്രഹമാണെന്ന് ഡോ. മാത്യു ജേക്കബ് പറയുന്നു. ശാസ്ത്രവും സ്‌നേഹവും ഒന്നുചേര്‍ന്നാല്‍ മനുഷ്യജീവിതങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ഈ സംഭവം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.ശിഖ പൂര്‍ണആരോഗ്യവതിയാണ് ഇപ്പോള്‍. നിലവില്‍ കോയമ്പത്തൂരിലാണ് ശിഖയുടെ കുടുംബം താമസിക്കുന്നത്. വിഷുദിനത്തില്‍ കുഞ്ഞിനെ എഴുത്തിനിരുത്താന്‍ അവര്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി ക്യാമ്പസില്‍ വീണ്ടും വന്നു. ചടങ്ങിന് ശേഷം ഡോ. മാത്യു ജേക്കബിന് ശിഖ ഗുരുദക്ഷിണ നല്‍കി. ശിഖയ്ക്ക് കരള്‍ പകുത്തുനല്‍കിയ ‘അമ്മമ്മ’യുടെ ജന്മദിനം എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നതിനാല്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ക്യാമ്പസില്‍ കേക്ക് മുറിച്ച് ലളിതമായൊരു ആഘോഷവും നടത്തി. ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവും ഡോ. മാത്യു ജേക്കബും ചേര്‍ന്ന് ശിഖയ്ക്കും സഹോദരിക്കും വിഷുകൈനീട്ടം നല്‍കി. ശിഖയുടെ കുടുംബത്തിനൊപ്പം ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വിവിധ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ജീവനക്കാരും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.