ബറക്കുഡ മത്സ്യം ആക്രമിച്ച
മാലിദ്വീപ് സ്വദേശിയ്ക്ക് ഇത് രണ്ടാം ജന്മം

മത്സ്യത്തിന്റെ കുത്തേറ്റ് യുവാവിന്റെ കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌നാ നാഡിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

 

കൊച്ചി : മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി.
കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് മാലിദ്വീപ് സ്വദേശിയായ 32 വയസ്സുള്ള യുവാവിനെ ടൈഗര്‍ ഫിഷ് ഗണത്തില്‍ പെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്. മത്സ്യത്തിന്റെ കുത്തേറ്റ് യുവാവിന്റെ കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌നാ നാഡിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.കഴുത്തിന്റെ പിറകില്‍ മത്സ്യത്തിന്റെ പല്ല് സുഷുമ്‌നാ നാഡിയില്‍ തറച്ചതിനാല്‍ യുവാവിന്റെ ഇടതുകയ്യും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ കഴുത്തിലെ സുഷുമ്‌നാ നാഡിയില്‍ മത്സ്യത്തിന്റെ പല്ലിന്റെ പത്തിലധികം ഭാഗങ്ങള്‍ തറച്ചതായും കണ്ടെത്തി.

ഗുരുതരമായ അവസ്ഥയില്‍ തുടര്‍ന്ന യുവാവിനെ ഉടന്‍ അമൃത ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും, ഡോ. ഡാല്‍വിന്‍ തോമസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സുഷ്മന നാഡിയില്‍ തറച്ച മത്സ്യത്തിന്റെ പല്ലുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഗുരുതരാവസ്ഥ തരണം ചെയ്ത യുവാവിനെ പിന്നീട് വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. സുഷുമ്‌നാ നാഡിയിലും നട്ടെല്ലിനും വേണ്ടിവന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ന്യൂറോ സര്‍ജറിയില്‍ അത്യപൂര്‍വ്വമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.അതി വേഗത്തിലാണ് ബറക്കുഡ മത്സ്യത്തിന്റെ സഞ്ചാരം എന്നത് കൊണ്ട് തന്നെ അവയുടെ അക്രമണവും പെട്ടന്നാണ് സംഭവിക്കുക. പരിക്കിന്റെ ഗുരുതരാവസ്ഥ കൊണ്ട് തന്നെ ജീവന്‍ തിരിച്ചു കിട്ടുമോ എന്ന ഭയത്തിലാണ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയതെന്ന് രോഗിയുടെ സഹോദരന്‍ വ്യക്തമാക്കി. എന്നാല്‍ കൃത്യമായ ചികിത്സ ലഭ്യമായതോടെ തന്റെ സഹോദരന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതിയാണ് സംഭവിച്ചത് എന്നും അമൃത ആശുപത്രിയിലെ വിദഗ്ധ ചികിത്സ കൊണ്ടൊന്നു മാത്രമാണ് സഹോദരന്‍ അപകട നില തരണം ചെയ്തതെന്നും രോഗിയുടെ സഹോദരന്‍ പറഞ്ഞു. ടൈഗര്‍ ഫിഷ് ഗണത്തില്‍പ്പെടുന്ന ഈ മത്സ്യത്തിന്റെ ആക്രമണം മാലിദ്വീപ് നിവസികള്‍ മുമ്പും നേരിട്ടിരുന്നു. വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല എന്നതിനാല്‍ തന്നെ പലരും മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

Spread the love