എറണാകുളം ജില്ലയിലെ ഉള്‍പ്രദേശങ്ങളിലെ ബീവറേജസ് ഷോപ്പുകളിലെ ജീവനക്കാരുമായി ചേര്‍ന്നാണ് പ്രാദേശിക അനധികൃത വില്‍പ്പനക്കാര്‍ മദ്യം ശേഖരിച്ചുവരുന്നതെന്ന് ശിവസേന സംസ്ഥാന സെക്രട്ടറി ടി.ആര്‍ .ദേവന്‍ പറഞ്ഞു.
കൊച്ചി: തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അനധികൃത വില്‍പ്പനയ്ക്കായി ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും കെയ്‌സുകണക്കിന് മദ്യം ശേഖരിക്കുന്ന സംഘം സജീവമാണെന്ന് ശിവസേന സംസ്ഥാന സെക്രട്ടറി ടി.ആര്‍ .ദേവന്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ ഉള്‍പ്രദേശങ്ങളിലെ ബീവറേജസ് ഷോപ്പുകളിലെ ജീവനക്കാരുമായി ചേര്‍ന്നാണ് പ്രാദേശിക അനധികൃത വില്‍പ്പനക്കാര്‍ മദ്യം ശേഖരിച്ചുവരുന്നത്. ഇലക്ഷനോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെടുന്ന ഡ്രൈ ഡേയാണ് ഇവരുടെ ലക്ഷ്യം. പെരുമ്പാവൂരിനടുത്ത് ഓടക്കാലി പയ്യാലിലെ വില്‍പന ശാലയില്‍ ഇത്തരത്തില്‍ വ്യാപകമായ വില്‍പ്പന നടക്കുന്നതായി പരാതിയുണ്ട്.
തീര്‍ത്തും ഉള്‍പ്രദേശമായതിനാലും മറ്റ് ഷോപ്പുകളെ അപേക്ഷിച്ച് താരതമ്യേന തിരക്ക് കുറവായതിനാലും ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള വില്‍പ്പനക്കാര്‍ ഇവിടെയെത്തി മദ്യംശേഖരിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് കൈവശം 3 ലിറ്റര്‍ മദ്യംസൂക്ഷിക്കാനാണ് നിയമം അനുവദിക്കുന്നത്. എന്നാല്‍ നിയമംകാറ്റില്‍ പറത്തിയാണ് ഇവിടെ വില്‍പ്പന പൊടിപൊടിക്കുന്നത്. തിരഞ്ഞെടുപ്പ് ചൂട്പിടിക്കും മുമ്പെ പരമാവധി സ്‌റ്റോക്കു ചെയ്യുകയാണ് ലക്ഷ്യം. മോട്ടത്തുപാറ, വടക്കുംഭാഗം, തുരുത്തി, നാഗഞ്ചേരി, കോട്ടപ്പടി, പഌമുടി, ഉപ്പുകണ്ടം, അരുവപ്പാടംമേഖലകളിലേയ്ക്ക് നേരത്തെതന്നെ വ്യാപകമായി വന്‍തോതില്‍ മദ്യം കടത്തുന്നുണ്ടെന്ന പരാതി നിലനില്‍ക്കെയാണ് ഡ്രൈഡേ മുന്നില്‍ കണ്ട് അളവില്‍ കവിഞ്ഞ് മദ്യശേഖരണം നടത്തുന്നത്. ജില്ലയിലെ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് സജീവമാകണമെന്നും ബീവറേജ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും, അനധികൃത മദ്യശേഖരം കണ്ടെത്തി നശിപ്പിക്കണമെന്നും ടി.ആര്‍.ദേവന്‍ ആവശ്യപ്പെട്ടു.

