ആകെ വരുമാനത്തിന്റെ 20 ശതമാനം സാരഥികളുടെ മൂലധനമായി ഭാരത് ടാക്‌സിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും
ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഭാരത് ടാക്‌സിയുടെ സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഭാരത് ടാക്‌സിയിലെ ‘സാരഥി’കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്വാനിക്കുന്നവര്‍ക്ക് തന്നെ ലാഭത്തിന്റെ വിഹിതം ലഭ്യമാക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി.ഭാരത് ടാക്‌സിയുടെ യഥാര്‍ത്ഥ ഉടമകള്‍ അതിലെ സാരഥികളാണെന്നും ലാഭവിഹിതത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അഞ്ച് പ്രമുഖ സഹകരണ സംഘങ്ങള്‍ ഒത്തുചേര്‍ന്നാണ് ‘ഭാരത് ടാക്‌സി’ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ വെളിപ്പെടുത്തി. സാധാരണക്കാരായ ഡ്രൈവര്‍മാരെ ഉടമകളാക്കി മാറ്റുന്ന വിപ്ലവകരമായ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.കേവലം 500 രൂപയുടെ ഓഹരികള്‍ വാങ്ങുന്നതിലൂടെ ഏതൊരു ‘സാരഥിക്കും (ഡ്രൈവര്‍) ഭാരത് ടാക്‌സിയുടെ പങ്കാളിയാകാനും ഉടമസ്ഥാവകാശം നേടാനും സാധിക്കും. ഭാരത് ടാക്‌സിയുടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക സീറ്റുകള്‍ സംവരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാര്‍ ഭരണസമിതിയുടെ ഭാഗമാകുന്നതോടെ, സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളും താല്‍പ്പര്യങ്ങളും കൃത്യമായി സംരക്ഷിക്കപ്പെടുന്നുവെന്ന് അവര്‍ക്ക് തന്നെ ഉറപ്പാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികളെപ്പോലെ വന്‍ ലാഭമുണ്ടാക്കുകയല്ല, മറിച്ച് ഡ്രൈവര്‍മാരായ സാരഥികളെ ശാക്തീകരിക്കുകയാണ് ‘ഭാരത് ടാക്‌സി’യുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ടാക്‌സിയുടെ ഓഹരികള്‍ സാരഥികളുടെ കൈവശമായതിനാല്‍, കമ്പനിയുടെ നയങ്ങള്‍ തീരുമാനിക്കുന്നതും അവര്‍ തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഭാരത് ടാക്‌സി, ഡ്രൈവര്‍മാരുടെ സ്വന്തം കമ്പനിയാണെന്നും ‘സഹകരണം’ എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വമെന്നും മന്ത്രി പറഞ്ഞു. സാരഥികളെ ചൂഷണം ചെയ്യുന്നതിന് പകരം അവരുടെ കഴിവുകളെ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആകെ വരുമാനത്തിന്റെ 20 ശതമാനം സാരഥികളുടെ മൂലധനമായി ഭാരത് ടാക്‌സിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.ബാക്കി 80 ശതമാനം തുക സാരഥികള്‍ ടാക്‌സി ഓടിച്ച കിലോമീറ്ററിന് ആനുപാതികമായി അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് തിരികെ നല്‍കും.ആദ്യത്തെ മൂന്ന് വര്‍ഷം ലാഭം കമ്പനിയുടെ വിപുലീകരണത്തിനായി വിനിയോഗിക്കും. അതിനുശേഷം എത്ര ലാഭം ലഭിച്ചാലും, അതിന്റെ 20 ശതമാനം ഭാരത് ടാക്‌സിയില്‍ തന്നെ തുടരുമെന്നും, ലാഭത്തിന്റെ 80 ശതമാനവും സാരഥികള്‍ക്ക് തിരികെ നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഭാരത് ടാക്‌സിയുടെ തുടക്കം പ്രധാന സഹകരണ മുന്നേറ്റമാണ് ഇതിന് കീഴില്‍ സാരഥികളുടെ ടാക്‌സികള്‍ ഈടായി സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

