സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസന്‍സ് കരാറില്‍ അഗപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡും ജപ്പാന്‍ ആസ്ഥാനമായുള്ള മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ലബോറട്ടറീസ് കമ്പനി ലിമിറ്റഡും (എം.ബി.എല്‍) ഒപ്പുവെച്ചു.
കൊച്ചി: ഇന്‍വിട്രോ ഡയഗ്‌നോസ്റ്റിക് (ഐവിഡി) സാങ്കേതികവിദ്യയില്‍ സുപ്രധാന ചുവടുവയ്പ്പായി രക്തത്തിലെ പ്രോട്ടീന്‍ കണക്കാക്കുന്ന ടെസ്റ്റിങ്ങ് കിറ്റ് (ലാറ്റക്‌സ് റീജന്റ് ) നിര്‍മ്മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസന്‍സ് കരാറില്‍ അഗപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡും ജപ്പാന്‍ ആസ്ഥാനമായുള്ള മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ലബോറട്ടറീസ് കമ്പനി ലിമിറ്റഡും (എം.ബി.എല്‍) ഒപ്പുവെച്ചു.
ഇന്നുവരെ പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിച്ചിരുന്നതിനാല്‍ ഇന്ത്യയില്‍ ഇതിന്റെ ഉല്‍പാദനം ഒരു സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്ത് ഉയര്‍ന്ന നിലവാരമുള്ള ഡയഗ്‌നോസ്റ്റിക് റീജന്റുകളുടെ ആഭ്യന്തര ഉത്പാദനം ഇത് സാധ്യമാക്കുമെന്ന് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു.റീജന്റ് നിര്‍മ്മാണത്തില്‍ ആഗോള നിലവാരം നിലനിര്‍ത്തി, തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കുന്നതാണ് ഈ സഹകരണം. രോഗനിര്‍ണയ കൃത്യത ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ചെലവ് കുറക്കാനും പുതിയ കരാര്‍ സഹായിക്കും.
പ്രത്യേക പ്രോട്ടീന്‍ പരിശോധനയിലൂടെ വൃക്കരോഗങ്ങള്‍, സെപ്‌സിസ്, വന്ധ്യത, പ്രമേഹം തുടങ്ങിയ മനുഷ്യശരീരത്തിലെ പല രോഗങ്ങളോ വൈകല്യങ്ങളോ നേരത്തേ കണ്ടെത്താന്‍ കഴിയും.ഡയഗ്‌നോസ്റ്റിക് റിയാജന്റുകളുടെയും ഉപകരണങ്ങളുടെയും പ്രമുഖ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ്, 90 രാജ്യങ്ങളിലായി 70,000ത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ട്. എംബിഎല്ലിന്റെ സാങ്കേതിക വൈദഗ്ധ്യവും ഡയഗ്‌നോസ്റ്റിക്‌സിലെ നൂതനാശയങ്ങളും പ്രയോജനപ്പെടുത്തി, പ്രോട്ടീന്‍ ടെസ്റ്റിങ്ങ് മേഖലയില്‍ പൊതുവായും, ആഫ്രിക്ക അടക്കം പുതിയ വിപണികളില്‍ വലിയ സാന്നിധ്യവുമാവാനുമാണ് അഗാപ്പെ ലക്ഷ്യമിടുന്നത്.
ജപ്പാന്റെ ആദ്യത്തെ ആന്റിബോഡി നിര്‍മ്മാണ കമ്പനിയായ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ലബോറട്ടറീസ് കമ്പനി ലിമിറ്റഡ് 1969ല്‍ സ്ഥാപിതമായതുമുതല്‍ ഡയഗ്‌നോസ്റ്റിക് മേഖലയില്‍ അതിപ്രശ്‌സ്തരാണ്. ഓട്ടോഇമ്മ്യൂണ്‍ രോഗ നിര്‍ണ്ണയത്തിനായി കമ്പനി നൂതന പരിഹാരങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ടെക്‌നിക്കല്‍ ആര്‍ ആന്റ് ഡി ഡയറക്ടര്‍ ഡോ. ഡി.എം. വാസുദേവന്‍; ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ബാസ്‌ക്കര്‍ മല്ലടി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിമല്‍ ബി.കെ; എംബിഎല്‍ സിഇഒ ഹിരോക്കി ഇറ്റോ; കോര്‍പ്പറേറ്റ് ഓഫീസര്‍ യുത ഇറ്റോ; എംബിഎല്‍ ജിഎം ഓവര്‍സീസ് സെയില്‍സ് കട്‌സുയുകി തകാസെ; അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് ഡയറക്ടര്‍ മീന തോമസ്, സിഒഒ പോള്‍ എബ്രഹാം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.