ബ്രസീല്‍ ലെജന്‍ഡ്‌സ്-ഇന്ത്യ ഓള്‍സ്റ്റാര്‍ ഫുട്‌ബോള്‍ മല്‍സരം:
ടിക്കറ്റ് വില്‍പന തുടങ്ങി

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 30ന് വൈകിട്ട് 7 മണിക്കാണ് ഐതിഹാസിക മത്സരം അരങ്ങേറുന്നത്

 

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍സ്റ്റാര്‍സ് മത്സരത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് വില്‍പന തുടങ്ങി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 30ന് വൈകിട്ട് 7 മണിക്കാണ് ഐതിഹാസിക മത്സരം അരങ്ങേറുന്നത്. ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീലിന്റെ ഇതിഹാസ താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയിലൂടെ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

2002 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമിലെ റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, കഫു, ഗില്‍ബെര്‍ട്ടോ സില്‍വ, എഡ്മില്‍സണ്‍, ക്ലെബര്‍സണ്‍, റിക്കാര്‍ഡോ ഒലിവേര, മാര്‍സെലോ എന്നിവരുള്‍പ്പെടെയുള്ള ബ്രസീലിയന്‍ താരങ്ങളാണ് പരിശീലകന്‍ പ്രശാന്ത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഓള്‍സ്റ്റാര്‍സ് ടീമിനെതിരെ കളത്തിലിറങ്ങുന്നത്. മെഹ്താബ് ഹൊസൈന്‍, അല്‍വിറ്റോ ഡികുഞ്ഞ, സയ്യിദ് റഹീം നബി, സുഭാഷിഷ് റോയ് ചൗധരി, മെഹ്‌റാജുദ്ദീന്‍ വാദൂ, ഷണ്‍മുഖം വെങ്കിടേഷ്, അര്‍ണാബ് മൊണ്ടാല്‍, മഹേഷ് ഗാവ്‌ലി എന്നിവരുള്‍പ്പെടുന്നതാണ് ഇന്ത്യ ഓള്‍സ്റ്റാര്‍ സ്‌ക്വാഡ്.

ഇത് ഇന്ത്യന്‍ ഫുട്‌ബോളിലെ ഒരു ചരിത്ര നിമിഷമാണെന്നും,2002ലെ ബ്രസീല്‍ ലോകകപ്പ് നേടിയ ഇതിഹാസ ടീമിനെ ചെന്നൈയിലേക്ക് എത്തിക്കുന്നത് ഒരു സ്വപ്‌ന സാക്ഷാത്കാരമാണെന്നും പ്രദര്‍ശന മത്സരത്തിന്റെ സംഘാടകരായ ഫുട്‌ബോള്‍ പ്ലസ് അക്കാദമി സ്ഥാപകന്‍ ഡേവിഡ് ആനന്ദ് പറഞ്ഞു.

 

Spread the love