നിഷാ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കൊച്ചിക്കായലില്‍ സംഘടിപ്പിച്ച കയാക്കിംഗ് എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി: സ്താനാര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് വനിതകളെ ശക്തിപ്പെടുത്തുന്നതിനായി കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക് ആന്റ് ഗൈനക്കോളജി (കെഎഫ്ഒജി), അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക്കല്‍ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ എന്നിവരുടെ സഹകരണത്തോടെ കൊച്ചി ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയും ലേക്ക്‌ഷോര്‍ ആശുപത്രിയും സംയുക്തമായി എറണാകുളം മറൈന്‍ഡ്രൈവില്‍ ഫ് ളാഷ് മോബും കൊച്ചിക്കായലില്‍ കയാക്കിംഗും നടത്തി. ടി.ജെ വിനോദ് എം.എല്‍.എ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്ന ഒന്നായി ക്യാന്‍സര്‍ രോഗം സമൂഹത്തില്‍ മാറിയിട്ടുണ്ടെന്നും എന്നാല്‍ നേരത്തെ കണ്ടു പിടിച്ചാല്‍ ക്യാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നും ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. പലപ്പോഴും ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കുന്നത് വളരെ വൈകിയാണ്. ഇതാണ് രോഗിയെ മരണത്തിലേക്ക് തള്ളിവിടാന്‍ കാരണമാകുന്നതെന്നും ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു.
സ്തനാര്‍ബുദം പ്രതിരോധവുമായി ബന്ധപ്പെട്ട ലഘുലേഖയുടെ പ്രകാശനവും ചടങ്ങില്‍ ടി.ജെ വിനോദ് എം.എല്‍.എ നിര്‍വ്വഹിച്ചു. സ്തനാര്‍ബുദത്തെ അതിജീവിച്ച 25 പേരെ ചടങ്ങില്‍ ആദരിച്ചു. കെഎഫ്ഒജി പ്രസിഡന്റ് ഡോ. സുചിത്ര സുധീര്‍ അധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിക്കായലില്‍ സംഘടിപ്പിച്ച കയാക്കിംഗും ദീപ ശിഖ കൈമാറലും എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നിഷാ ജോസ് കെ. മാണി, ഡോ. കെ. ചിത്രതാര, കെഎഫ്ഒജി ബ്രെസ്റ്റ് ക്യാന്‍സര്‍ പ്രിവെന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ഉഷാ മേനോന്‍, കൊച്ചി ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഗേസ്രി തോമസ്, കെഎഫ്ഒജി വൈസ് പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നിഷാ ജോസ് കെ. മാണിയുടെ നേതൃത്വത്തിലായിരുന്നു കയാക്കിംഗ് നടന്നത്. സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോഡ് നിന്നാരംഭിച്ച ദീപശിഖാ പ്രയാണം എറണാകുളത്ത് വെച്ച് മലനാട് സൊസൈറ്റിയ്ക്കു വേണ്ടി ഡോ. ആഗ്നസ് മാത്യു ചടങ്ങില്‍ ഏറ്റുവാങ്ങി. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ് ളാഷ്‌മോബും നടന്നു.


