ജന്മനാട്ടില്‍ നിന്നും സ്വായത്തമാക്കിയ അറിവാണ് വിദേശത്തും സ്വദേശത്തും മികച്ച ജോലിക്കാരനും, മികച്ച സംരംഭകനും ആകുവാന്‍ സാധിച്ചതെന്നും, നാട് നല്‍കിയ സ്‌നേഹം പതിന്‍മടങ്ങായി നാടിന് തിരികെ നല്‍കുക എന്നത് എല്ലാവരുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് സഫലം സാദരം 2025 എന്ന പേരില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ മുഹമ്മദ് കുഞ്ഞ് പറഞ്ഞു.
ആലപ്പുഴ : പ്രമുഖ വ്യവസായിയും മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ എ.മുഹമ്മദ് കുഞ്ഞിനെ ജന്മനാട് ആദരിച്ചു. മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ് സ്‌കുള്‍ ഓഡിറ്റോറിയത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സിറാജ് കമ്പിയത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ആദരിക്കല്‍ ചടങ്ങ് മുന്‍ ധനകാര്യ മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. പി.പി.ചിത്തരഞ്ചന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ.സി.വേണുഗോലാല്‍ എം.പിയുടെ ആശംസ ചടങ്ങില്‍ വായിച്ചു.
ജന്മനാട്ടില്‍ നിന്നും സ്വായത്തമാക്കിയ അറിവാണ് വിദേശത്തും സ്വദേശത്തും മികച്ച ജോലിക്കാരനും, മികച്ച സംരംഭകനും ആകുവാന്‍ സാധിച്ചതെന്നും, നാട് നല്‍കിയ സ്‌നേഹം പതിന്‍മടങ്ങായി നാടിന് തിരികെ നല്‍കുക എന്നത് എല്ലാവരുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് സഫലം സാദരം 2025 എന്ന പേരില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ മുഹമ്മദ് കുഞ്ഞ് പറഞ്ഞു.
കൊല്ലം ടി.കെ.എം.എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും കെമിക്കല്‍ എഞ്ചിനിയറിംഗില്‍ പഠനം പൂര്‍ത്തിയാക്കി സൗദി അറേബ്യയിലെ ബഹുരാഷ്ട കമ്പനിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച മുഹമ്മദ് കുഞ്ഞ് നാട്ടില്‍ തിരച്ചെത്തി ഭക്ഷ്യ സംസ്‌കരണ മേഖലയിലുടെയാണ് വ്യവസായ രംഗത്ത് പ്രവേശിച്ചത്. 2013 ല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇഡ്യന്‍ ഇന്‍ഡസ്ട്രിയുടെ മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. 2015ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംരംഭകനുള്ള അവാര്‍ഡും, 2018ല്‍ മികച്ച കമ്പനിക്കുള്ള അവാര്‍ഡും, 2021 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മെട്രോ ഫുഡ് ബ്രാന്‍ഡിനുളള അവാര്‍ഡും കരസ്ഥമാക്കി. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായ മുഹമ്മദ് കുഞ്ഞ് 2014 മുതല്‍ നിര്‍ദ്ദനരായ കുട്ടികളുടെ വിദ്യഭ്യാസത്തിനായി ഹോപ്പ് ഇന്ത്യ എന്ന സന്നദ്ധ ആരംഭിച്ചു. ഹോപ്പിന്റെ ആഭിമുഖ്യത്തില്‍ നൂറില്‍ പരം നിര്‍ദ്ദനര്‍ക്ക് ഭവനവും നിര്‍മ്മിച്ചു നല്‍കി.
ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.എസ് ജോഷി കാവുങ്കല്‍, ട്രഷറര്‍ ആര്‍.വേണുഗോപാല്‍ ചിരട്ടക്കാട്ടു പുത്തന്‍ മഠം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍.റിയാസ്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത്ത് കുമാര്‍, കെ.ഇ. കാര്‍മ്മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ഡോ.സാംജി വലടക്കേടം, എസ്.എന്‍.ഡി.പി. അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന്‍, ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ പ്രസിഡന്റ് എ.എം.നസീര്‍, കെ.പി.എം.എസ് ആലപ്പുഴ യൂണിയന്‍ പ്രസിഡന്റ് എസ്.ബാബു, എ.കെ.ഡി.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പ്രദീപ്, എന്‍.എസ്.എസ് കരയോഗം 1613 പ്രസിഡന്റ് വി.എന്‍.ശശിധരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.സബീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നവാസ് നൈന, എസ്.ദീപു, ആരോഗ്യവകുപ്പ് റിട്ട.അസി.ഡയറക്ടര്‍ ഡോ.കെ.എം.സിറാബുദ്ദീന്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.വി.മേഘനാദന്‍, മണ്ണഞ്ചേരി എച്ച.എസ് ഹെഡ്മിസട്രസ് കെ.ഹഫ്‌സ തുടങ്ങിയവര്‍ പ്രസംഗിച്ചു.