ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ക്യാംപില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ രണ്ട് ബാച്ച് ആയിട്ടാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോലഞ്ചേരി: യുവപ്രതിഭകളെ കണ്ടെത്തി ഫുട്‌ബോളിന്റെ വഴിയില്‍ കൈപിടിച്ചു നടത്താന്‍
ബൈസന്റൈന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ക്യാംപില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ രണ്ട് ബാച്ച് ആയിട്ടാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 8 മുതല്‍ 18 വയസ് വരെയുള്ളവരെ സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആയി തിരിച്ച് ഓരോ പ്രായത്തിലുള്ളവര്‍ക്കും സിലബസ് അധിഷ്ഠിതമായിട്ടുള്ള പരിശീലനമാണ് നല്‍കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.എഫ്.സി), യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യു. ഇ.എഫ്.എ), ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.ഐ.എഫ്.എഫ്) ലൈസന്‍സുള്ള കോച്ചുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.
ന്യൂട്രീഷ്യന്‍, ഫസ്റ്റ് എയ്ഡ് ക്ലാസുകളും, സ്‌പോര്‍ട്ട്‌സ് ഇഞ്ചുറികളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ക്യാമ്പില്‍ ഉണ്ടാകും. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കൊച്ചിന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരം ലഭിക്കും. അര്‍ഹതയുള്ളവര്‍ക്ക് സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കാന്‍ സഹായം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജില്ലയിലെ ഫുട്‌ബോളിന്റെ വികസനത്തിനായി 2004ല്‍ രൂപീകരിച്ച ക്ലബ്ബ് ഇതിനോടകം ഒട്ടേറെ സംസ്ഥാനജില്ലാ ഭാരവാഹികളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. മുഖ്യ രക്ഷാധികാരി ഡോ. വിജു ജേക്കബ്ബ്, രക്ഷാധികാരി അഡ്വ. ജോണ്‍ കെ. തോമസ്, ക്ലബ്ബ് പ്രസിഡന്റ് ബാബു വര്‍ഗീസ്, സെക്രട്ടറി പി.ഒ. ജോബിന്‍, അനിബെന്‍ കുന്നത്ത്, കോച്ചുമാരായ പി.എ. അജ്മല്‍, മനു വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.