വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയില്‍ നിന്ന് മേഖലാ പാസ്പോര്‍ട്ട് ഓഫീസര്‍ കെ.അരുണ്മോഹന്പുരസ്കാരം ഏറ്റുവാങ്ങി
കൊച്ചി: വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പാസ്പോര്‍ട്ട് ഓഫീസര്‍മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള പുരസ്കാരം കോഴിക്കോട് മേഖലാ പാസ്പോര്‍ട്ട് ഓഫീസിന് ലഭിച്ചു. ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയില്‍ നിന്ന് മേഖലാ പാസ്പോര്‍ട്ട് ഓഫീസര്‍ കെ.അരുണ്മോഹന്പുരസ്കാരം ഏറ്റുവാങ്ങി. പാസ്പോര്‍ട്ട് വിതരണത്തിലെ സേവന നിലവാരത്തിനും കാര്യക്ഷമതയ്ക്കും ഓഫീസ് കാഴ്ചവെച്ച മികച്ച പ്രതിബദ്ധത എടുത്തുകാണിക്കുന്നതാണ് അംഗീകാരം.ഈ അംഗീകാരത്തിന് പുറമെ പൗരസേവനത്തിലെ മാതൃകാപരമായ പ്രകടനത്തിനും സമര്‍പ്പണത്തിനും അസിസ്റ്റന്റ് പാസ്പോര്‍ട്ട് ഓഫീസര്‍ സതീഷ് കുമാര്‍ കൂട്ടില്‍ മികച്ച ഗ്രാന്റിങ് ഓഫീസര്‍ പുരസ്കാരവും നേടി.പ്രതിദിനം ഏകദേശം 3,500 അപേക്ഷകര്‍ക്ക് സേവനം നല്കുന്ന കോഴിക്കോട് മേഖലാ പാസ്പോര്‍ട്ട് ഓഫീസ് കഴിഞ്ഞ വര്‍ഷം 6 ലക്ഷത്തിലധികം പാസ്പോര്‍ട്ടുകളും പൊലീസ് ക്ലിയറന്‍സ് സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തത് വര്‍ധിച്ചുവരുന്ന ആവശ്യകതയും ജനങ്ങള്‍ക്ക് സമയബന്ധിത സേവനം ഉയര്‍ന്ന നിലവാരത്തില്‍ ലഭ്യമാക്കാനുള്ള ഓഫീസിന്റെ ശേഷിയും പ്രതിഫലിപ്പിക്കുന്നു.
വിശാല പ്രാദേശിക ഉള്‍ച്ചേര്‍ക്കലും സേവനലഭ്യതയും ഉറപ്പാക്കി നിലവില്‍ കോഴിക്കോട്, വടകര, മലപ്പുറം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നീ അഞ്ച് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും (പിഎസ്കെ) കാസര്‍ഗോഡ്, കല്‍പ്പറ്റ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും (പിഒപിഎസ്കെ) കോഴിക്കോട് ആര്‍പിഒയുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്നു. സേവനലഭ്യതയ്ക്കും നൂതനാശയ പ്രതിബദ്ധതയ്ക്കും ഊര്‍ജമേകി ബയോമെട്രിക് ശേഖരണ ഉപകരണങ്ങള്‍ സജ്ജീകരിച്ച കേരളത്തിലെ ആദ്യ മൊബൈല്‍ പാസ്പോര്‍ട്ട് വാന്‍ കോഴിക്കോട് ആര്‍പിഒ അവതരിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ മുന്‍നിര സംരംഭം അധികാരപരിധിയിലെ വിദൂരപ്രദേശങ്ങളില്‍ യാത്രാദൂരം കുറയ്ക്കാനും സേവന കാര്യക്ഷമത മെച്ചപ്പെടുത്താനും പാസ്പോര്‍ട്ട് സേവന ലഭ്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.സേവന വ്യാപ്തി മെച്ചപ്പെടുത്തുന്നതിന് കോഴിക്കോട് ആര്‍പിഒയ്ക്ക് കീഴില്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ പുതിയ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം (പിഒപിഎസ്കെ) ഈയിടെ ആരംഭിച്ചിരുന്നു. പാസ്പോര്‍ട്ട് അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അയല്‍ ജില്ലകളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളെ (പിഎസ്കെ) ആശ്രയിക്കേണ്ടിയിരുന്ന വയനാട് നിവാസികള്‍ക്ക് ഈ കേന്ദ്രം വലിയ ആശ്വാസമായി മാറി.പൗര കേന്ദ്രീകൃത സേവനത്തിന് പുതിയ തലങ്ങള്‍ ആവിഷ്ക്കരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ഈ വര്‍ഷം ഇപാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന കേരളത്തിലെ മുന്‍നിര പാസ്പോര്‍ട്ട് ഓഫീസായും കോഴിക്കോട് ആര്‍പിഒ നേട്ടം കൈവരിച്ചു.

