കോണ്‍ട്രാക്ട് ക്യാരേജ് വ്യവസായത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല; വാഹന ഉടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫിസ് ഉപരോധിച്ചു

സാധാരക്കാരാണ് ഈ വ്യവസായം കൊണ്ടു നടക്കുന്നത് എന്നാല്‍ അവരെ വെല്ലുവിളിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്.
കൊച്ചി:  കോണ്‍ട്രാക്ട് ക്യാരേജ് വ്യവസായത്തെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍, ഉദ്യോഗസ്ഥ നിലപാടുകള്‍ തിരുത്തണമെന്നും കോണ്‍ട്രാക്ട് കാര്യേജ് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.സി.ഒ.എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന ഉടമകളും ജീവനക്കാരും കാക്കനാട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫിസ് ഉപരോധിച്ചു. കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സി.സി.ഒ.എ) സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കെട്ടുതാലി പണയം വെച്ചും കൊള്ള പലിശയ്ക്ക് പണം വായ്‌പെടുത്തും സാധാരണക്കാരായ ആളുകള്‍ ഒരുപാട് പ്രതീക്ഷകളുമായിട്ടാണ്  വാഹനവുമായി നിരത്തിലിറങ്ങുന്നതെന്നും എന്നാല്‍ ഇവരെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും ബിനു ജോണ്‍ പറഞ്ഞു. സാധാരക്കാരാണ് ഈ വ്യവസായം കൊണ്ടു നടക്കുന്നത് എന്നാല്‍ അവരെ വെല്ലുവിളിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. തങ്ങള്‍ക്ക് അനുകൂലമായ കോടതി വിധി പോലും അട്ടിമറിക്കുന്ന നിലപാടാണ് ഇവിടുത്തെ സര്‍ക്കാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്

കോടതിയലക്ഷ്യത്തിനെതിരെ അസോസിയേഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബിനു ജോണ്‍ വ്യക്തമാക്കി. തങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ക്കെതിരെ ഇനിയും കണ്ണടയ്ക്കാനാണ് ഭാവമെങ്കില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കം ശക്തമായ പക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ബിനു ജോണ്‍ പറഞ്ഞു. സി.സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ എ. ജെ റിജാസ് അധ്യക്ഷത വഹിച്ചു. ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, സി.സി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സുനില്‍, ജയശങ്കര്‍, എവിറ്റ് സജി, എറണാകുളം ജില്ലാ രക്ഷാധികാരി റോയിസണ്‍ ജോസഫ്, സുരേഷ് യുവരാജ്, ബി.ഒ.സി. ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ബാജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ടൂറിസ്റ്റ് ബസുകളുടെയും മിനി ബസുകളുടെയും നികുതി മുപ്പത്തിരണ്ട് ശതമാനത്തോളം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കുക, അന്യായമായ പിഴ ചുമത്തലുകളും ലൈന്‍ ട്രാഫിക്കിന്റെ പേരിലുള്ള കൊള്ളയടിയും അവസാനിപ്പിക്കുക, വാഹനങ്ങളുടെ പാസഞ്ചര്‍ ക്യാബിനുള്ളില്‍ നീരീക്ഷണ കാമറ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കുക, ഇചെല്ലാനുകള്‍ ഒഴിവാക്കുക, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പുനസ്ഥാപിക്കുക, ആര്‍.ടി.ഒ ഓഫീസുകളില്‍ മുഴുവന്‍ സമയവും കൗണ്ടര്‍ പുനരാരംഭിക്കുക  എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു