14 ടീമുകള്‍ മാറ്റുരക്കുന്ന രണ്ടാമത് സീസണില്‍ മലയാള സിനിമയിലെ 28 പ്രധാന താരങ്ങളാണ് ടീമുകളുടെ സെലിബ്രിറ്റി ഓണര്‍മാരും അംബാസിഡര്‍മാരുമായി അണിനിരക്കുന്നത്.
കൊച്ചി: സിനിമ, ടെലിവിഷന്‍, മാധ്യമ,പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തുടക്കമായി. 14 ടീമുകള്‍ മാറ്റുരക്കുന്ന രണ്ടാമത് സീസണില്‍ മലയാള സിനിമയിലെ 28 പ്രധാന താരങ്ങളാണ് ടീമുകളുടെ സെലിബ്രിറ്റി ഓണര്‍മാരും അംബാസിഡര്‍മാരുമായി അണിനിരക്കുന്നത്. സി.സി.എഫ് 100എക്സ് ഫോര്‍മാറ്റ് എന്ന പേരില്‍ ഒരു ഇന്നിംഗ്സില്‍ 100 ബോള്‍ ഡെലിവറി ചെയ്യുന്ന ശൈലിയാണ് സി.സി.എഫ് അവതരിപ്പിക്കുന്നത്. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന 20 ഓവര്‍ വീതമാണ് ഇന്നിംഗ്സ്. മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് എന്ന് പ്രസിഡന്റ് അനില്‍ തോമസ് പറഞ്ഞു.ഫെബ്രുവരി 4 മുതല്‍ 14 വരെ കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
രണ്ടാം സീസണില്‍ 12 പ്രത്യേക നിയമാവലികളോടെയാണ് ഓരോ മത്സരവും നടക്കുക. സിസിഎഫ് 100ഃ ടൂര്‍ണമെന്റിന്റെ ലോഗോ രണ്ടാം സീസണിന്റെ ലോഞ്ചില്‍ കേരള സ്ട്രൈക്കേഴ്സ് സിഇഒ ബിന്ദു ബിജേന്ദ്രനാഥ് നിര്‍വഹിച്ചു.ടൂര്‍ണമെന്റിന്റെ തീം മ്യൂസിക് റീലോഞ്ചും ചടങ്ങില്‍ നടന്നു. സംഗീതസംവിധായകന് രാഹുല്‍ സുബ്രഹ്മണ്യന്റെ സാന്നിധ്യത്തില്‍ സിനിമാതാരം നരെയ്നാണ് തീം മ്യൂസിക്കിന്റെ റീലോഞ്ച് നടത്തിയത്. ഐപിഎല്‍ മാതൃകയില്‍ ലേലത്തിലൂടെയാണ് ടീമുകള്‍ താരങ്ങളെ സ്വന്തമാക്കിയത്.സിസിഎഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.വിജിജീഷ്, അശോക് നായര്‍,രാഹുല്‍ സുബ്രഹ്മണ്യന്,സമര്‍ത്, സുജിത്ത് ഗോവിന്ദന്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി. സിനിമാതാരങ്ങളായ നരെയ്ന്, സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍,വിഷ്ണു ഉണ്ണികൃഷ്ണന്, മഹിമ നമ്പ്യാര്‍,ആല്‍ഫി പഞ്ഞിക്കാരന്‍, ആതിര പട്ടേല്‍, അന്‍സിബ ഹസന്, അനഘ നാരായണന്, ശോഭാ വിശ്വനാഥ്, സിജാ റോസ്,അതിഥി രവി ,ഡയാന ഹമീദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

