കേരള സന്ദര്‍ശനത്തിനായി പതിനാറാം ധനകമ്മീഷന്‍ എത്തി

ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ ധനകാര്യ കമ്മീഷനാണ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്.

 

കൊച്ചി: പതിനാറാം ധനകമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി കമ്മിഷന്‍ ചെയര്‍മാനും സംഘാംഗങ്ങളും സംസ്ഥാനത്തെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സംഘത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ധനകാര്യ കമ്മീഷന് സമര്‍പ്പിക്കാനായി വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ ധനകാര്യ കമ്മീഷനാണ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്.

കേരളത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മീഷനു മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.അര്‍ഹമായ പരിഗണന കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞുഏറെ പ്രതീക്ഷയോടെയാണ് ധനകാര്യ കമ്മീഷന്റെ സന്ദര്‍ശനത്തെ കേരളം നോക്കിക്കാണുന്നത്. നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്കു വിഭജിച്ചു നല്‍കുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പടെയായിരിക്കും കേരളം അവതരിപ്പിക്കുക. അര്‍ഹമായ ഗ്രാന്റുകള്‍ യഥാസമയം ലഭ്യമാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും സംസ്ഥാനം ധനകാര്യകമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കുമരകത്തേക്ക് പോയ സംഘം തിങ്കളാള്ച്ച രാവിലെ തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്തില്‍ സന്ദര്‍ശിക്കും. വൈകിട്ട് കോവളത്ത് എത്തും. ചൊവ്വാഴ്ച്ച രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിക്കും. തുടര്‍ന്ന് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദ് പന ഗാരിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കൂടാതെ പഞ്ചായത്ത് നഗരസഭാ കോര്‍പ്പറേഷന്‍ അധ്യക്ഷന്‍മാരുമായും വ്യാപാര വ്യവസായ പ്രതിനിധികളുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും.

 

Spread the love