കുട്ടമ്പുഴയിലെ ആദിവാസി ഊരുകളില്‍  ചാമിയൂട്ട് കാലം 

കുട്ടമ്പുഴ  തലവച്ചപാറ ആദിവാസി കുടിയില്‍ നടന്ന ചാമിയൂട്ട്
പൂജയും ആട്ടും പാട്ടു മായി രാത്രി അരങ്ങുകള്‍ തകര്‍ത്താടുമ്പോള്‍ നാലുദിക്കും വാഴും ദേവതകള്‍ സന്തോഷത്തിന്റെ നിറവിലാകുമെന്നാണ് വിശ്വാസം.
കോതമംഗലം : ആദിവാസി ഊരുകളില്‍  ഇത് ചാമിയൂട്ട് കാലം. ആദിവാസി ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് ഗോത്ര ദൈവങ്ങളുടെ പ്രീതി ലഭിക്കാന്‍
എല്ലാ വര്‍ഷവും മകരമാസലാണ് ചാമിയൂട്ട് നടത്തുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസികളുടെ പരാമ്പരഗത ആചാരമാണ് ചാമിയൂട്ട് എന്ന പേരിലുള്ള സ്വാമിയൂട്ട്. ഗോത്രദൈവങ്ങള്‍ക്കും പൂര്‍വികര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്ന ചാമിയൂട്ട്  ഓരോ ആദി വാസി ഊരുകളിലും താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന തറയിനാണ് നടത്തുന്നത്. മല ദൈവങ്ങളുടെ പ്രീതി പിടിച്ചു പറ്റാനും ആണ്ടു മുഴുവനും കുടികളില്‍ സമൃദ്ധിയുണ്ടാവാനും രോഗ നിവാരണത്തിനും വേണ്ടി ആദിവാസികള്‍ ദൈവത്തിന് നിവേദ്യമായ് നല്‍കുന്ന ചാമിയൂട്ടില്‍ കുട്ടികളും സ്ത്രീ കളും വ്യദ്ധരുമടക്കം ആദിവാസികള്‍ ഒന്നടക്കം പങ്കെടുക്കും.
വ്രതം അനുഷ്ഠിച്ച് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന കാട്ടമ്പലത്തില്‍ പരിഷ്‌കൃത ലോകത്തെ യാതൊരുവിധ പകര്‍പ്പുമില്ലാതെ ഉത്സവം നടക്കും. വനവിഭവങ്ങള്‍ ഉപയോഗിച്ചാണ് അമ്പലം നിര്‍മ്മിക്കുക. വനത്തില്‍ നിന്നും ശേഖരിക്കുന്നവയും ആദിവാസികള്‍ കൃഷി ചെയ്തുണ്ടാക്കുന്നവയുമായവ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് കഴിക്കും. പൂജയും ആട്ടും പാട്ടു മായി രാത്രി അരങ്ങുകള്‍ തകര്‍ത്താടുമ്പോള്‍ നാലുദിക്കും വാഴും ദേവതകള്‍ സന്തോഷത്തിന്റെ നിറവിലാകുമെന്നാണ് വിശ്വാസം. പൂജയും മാട്ടു പൊങ്കലും തപ്പുകൊട്ടും നൃത്തവും ഒക്കെയായി പാരമ്പര്യ തനിമ ചോര്‍ന്നു പോകാതെ ചാമിയൂട്ടില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളും  സ്ത്രീകളും പ്രായം ചെന്നവരും ഒരേ മനസോടെ ചുവട് വച്ച് ആര്‍പ്പ് വിളിച്ച് ചാമിയൂട്ട് കെങ്കേമമാക്കും. പരമ്പരാ ഗതവേഷത്തില്‍ വാദ്യമേളങ്ങളുമായിട്ടാണ് ചടങ്ങുകള്‍ ചാമിത്തറയില്‍ നടത്തുന്നത്. പുലര്‍ച്ചെ മലമുകളിലെ മഞ്ഞുപെയ്യുന്ന തറയില്‍ ദീപം തെളിഞ്ഞണയുന്നതോടെ ചാമിയൂട്ട് സമാപിക്കും. ചാമിയൂട്ടില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് എത്തുന്നത്. കേരളത്തിലെ പ്രധാന ആദിവാസി മേഖലകളായ  തലവച്ചപാറ, കുഞ്ചിപ്പാറ, വാര്യം, വെള്ളാരം കുത്ത്, ഉറിയംപെട്ടി, തേര, എളംബ്ലാശേരി, പിണവൂര്‍കുടി, മേട്‌നാപ്പാറ, താളുകണ്ടം, ചാര പ്പാറ, ഞണ്ടുകളും, കോട്ടക്കുന്ന് എന്നീ കുടികളിലാണ് ചാമിയൂട്ട് നടത്തുക. മുതുവാന്‍ സമുദായ അംഗങ്ങളാണ് ചാമിയൂട്ട് ഉത്സവം ആഘോഷിക്കുന്നത്. മന്നാന്‍ സമുദായ അംഗങ്ങള്‍ താമസിക്കുന്ന പന്തപ്ര ആദിവാസി കുടിയില്‍ ദൈവ പ്രതീക്കായി നടത്തുന്ന ഉത്സവം കാലാ വൂട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു