ചെന്നൈ വണ്ടര്‍ലാ പാര്‍ക്ക് ഡിസംബര്‍ 2ന് തുറക്കും

 പ്രതിദിനം 6,500 സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള പാര്‍ക്കില്‍ ഹൈ ത്രില്‍, കിഡ്‌സ്, ഫാമിലി, വാട്ടര്‍ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടര്‍ലാ പാര്‍ക്ക് ഡിസംബര്‍ രണ്ടിന് തുറക്കും. പ്രതിദിനം 6,500 സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള പാര്‍ക്കില്‍ ഹൈ ത്രില്‍, കിഡ്‌സ്, ഫാമിലി, വാട്ടര്‍ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. 1489 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് 10 ശതമാനം കിഴിവും തിരിച്ചറിയല്‍ കാര്‍ഡുമായെത്തുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഗ്രൂപ്പുകള്‍ക്കും സീസണുകള്‍ക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്.  ഡിസംബര്‍ ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് വിശിഷ്ടാത്ഥികളും ചേര്‍ന്ന് പാര്‍ക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ഡിസംബര്‍ രണ്ടിന്  പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്യും.

പതിറ്റാണ്ടുകള്‍ നീണ്ട ഒരു സ്വപ്‌നത്തിന്റ സാക്ഷാത്കാരമാണ് വണ്ടര്‍ലാ ചൈന്നൈയെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഇത് സഫലമായത്. ഇന്ത്യയിലെ ഏറ്റവും നൂതനമായ അമ്യൂസ്‌മെന്റ പാര്‍ക്കാണ് ഇത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ സര്‍ഗ്ഗാത്മകത, സംസ്‌കാരം എന്നിവയുടെ പ്രതിഫലനമായിരിക്കണം വണ്ടര്‍ലാ ചെന്നൈ എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ക്ഷേത്രങ്ങളിലെ കൊത്തുപണികളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടും പ്രാദേശിക രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയുമാണ് ഇതൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വണ്ടര്‍ലാ ചെന്നൈയില്‍ ആയിരത്തിലധികം  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയ്ക്കും പ്രദേശവാസികള്‍ക്കും ഗുണപ്രദമാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ ഗൈഡന്‍സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ബ്യൂറോയാണ് ഈ പദ്ധതിക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു