കുട്ടികളുടെ ദന്ത സംരക്ഷണം;
വെണ്ണല ഗവ. എല്‍.പി. സ്‌കൂളുമായി കൈകോര്‍ത്ത് അമൃത

ആനന്ദ് മുസ്‌കാന്‍ വഴി വെണ്ണല ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദന്ത സംരക്ഷണത്തിന്റെ ആദ്യപാഠം പകര്‍ന്ന് നല്‍കുകയാണ് അമൃത സ്‌കൂള്‍ ഓഫ് ഡെന്റസ്ട്രി വിഭാഗം.

 

കൊച്ചി: ഐസിഎംആറിന്റെ ദേശീയ ആരോഗ്യ ഗവേഷണ പദ്ധതിയായ ആനന്ദ് മുസ്‌കാന്‍ വഴി വെണ്ണല ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദന്ത സംരക്ഷണത്തിന്റെ ആദ്യപാഠം പകര്‍ന്ന് നല്‍കുകയാണ് അമൃത സ്‌കൂള്‍ ഓഫ് ഡെന്റസ്ട്രി വിഭാഗം. പദ്ധതിക്കായി രാജ്യത്ത് തെരഞ്ഞെടുത്ത പതിനെട്ട് ജില്ലകളില്‍ ഒന്നാണ് എറണാകുളം. ആഴ്ചയില്‍ അഞ്ച് ദിവസം അധ്യാപക മേല്‍നോട്ടത്തിലുള്ള ബ്രഷിംഗ് സെഷനുകള്‍ നടത്തി വിദ്യാര്‍ത്ഥികളില്‍ ദന്ത ശുചിത്വ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

വെണ്ണല ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങ് ദേശീയ ആരോഗ്യ മിഷന്‍ എറണാകുളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശിവപ്രസാദ് പിഎസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രാജേഷ് പിജി ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തി. ആനന്ദ് മുസ്‌കാന്‍ പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. അരുണ്‍ റാവു കെ., കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. എ. ശ്രീജിത്ത്, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.ബി. ഹര്‍ഷല്‍, വെണ്ണല ജിഎല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അബ്ദുല്‍ റഹീം എ., ആനന്ദ് മുസ്‌കാന്‍ പ്രോജക്ട് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണജ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ബ്രഷിംഗ് കിറ്റുകളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു.

Spread the love