സിയാല്‍ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം

നേരത്തെയുള്ള പാക്കേജില്‍ മതിയായ സംരക്ഷണം ലഭിക്കാത്തവര്‍ക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോള്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടര്‍ബോര്‍ഡ് അംഗീകാരം നല്‍കി. നേരത്തെയുള്ള പാക്കേജില്‍ മതിയായ സംരക്ഷണം ലഭിക്കാത്തവര്‍ക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാല്‍ സബ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി.രാജീവ് മുന്‍കൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നല്‍കിയത്.കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാല്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലവസരം, ടാക്‌സി പെര്‍മിറ്റ്, ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് സൊസൈറ്റിയില്‍ അംഗത്വം എന്നിങ്ങനെയുള്ള വിവിധ തട്ടുകളിലായാണ് പുനരധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നത്.

ഇത്തരം വിന്യാസം നടപ്പിലാക്കിയപ്പോള്‍, നിരവധിപേര്‍ക്ക് കുറഞ്ഞവേതനമുള്ള കരാര്‍ ജോലികളാണ് ലഭിച്ചിരുന്നത്. ഇവര്‍ക്കായി പാക്കേജില്‍ മാറ്റംവരുത്തണമെന്ന ദീര്‍ഘകാല ആവശ്യമാണ് ഇപ്പോള്‍ സിയാല്‍ പരിഗണിച്ചത്. ഇതിന്റെ ആദ്യഭാഗമായി, എയര്‍ ഇന്ത്യയില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗത്തില്‍ താരതമ്യേന കുറഞ്ഞ വേതനത്തിന് കരാര്‍ ജോലി ചെയ്തിരുന്ന 20 പേര്‍ക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എയര്‍കാര്‍ഗോ കയറ്റിറക്ക് തൊഴിലാളി കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ അംഗത്വം നല്‍കും. ഈ രംഗത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും ആധുനിക ഭരണസംവിധാനത്തിന്റെ സഹായവും ഉറപ്പുവരുത്താനായി സിയാലിന്റെ  മേല്‍നോട്ടത്തില്‍ രണ്ട് വര്‍ഷം മുമ്പ് രൂപവത്ക്കരിച്ച സൊസൈറ്റിയില്‍ നിലവില്‍ 120 അംഗങ്ങളുണ്ട്.

എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴില്‍ മേഖലയിലും പ്രവര്‍ത്തിച്ചിരുന്നവരും ശാരീരിക അവശതകളാല്‍ തൊഴില്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഈ വിഭാഗത്തില്‍പ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്കും സിയാലിന്റെ പ്രീ പെയ്ഡ് ടാക്‌സി സൊസൈറ്റിയില്‍ പെര്‍മിറ്റ് നല്‍കാനും തീരുമാനമായി. 25 പേര്‍ക്കാണ് ഈ അവസരം ലഭിക്കും. നിലവില്‍ 650 പേര്‍ക്ക് ടാക്‌സി പെര്‍മിറ്റുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാഹചര്യം വിലയിരുത്തി കൂടുതല്‍ പേര്‍ക്ക് അവസരം ലഭ്യമാക്കും.രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അര്‍ഹതപ്പെട്ടവരുടെ യോഗം സിയാലില്‍ വിളിച്ചുചേര്‍ക്കുകയും മന്ത്രി പി.രാജീവ്, ഡയറക്ടര്‍ബോര്‍ഡിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

രണ്ടര ദശാബ്ദമായി നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിന് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പ്പര്യമെടുത്തിരുന്നെന്നും രാജീവ് വ്യക്തമാക്കി. ‘ ഇതുസംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. അവ സമഗ്രമായി വിലയിരുത്തിയശേഷമാണ് ഇത്തരമൊരു പാക്കേജിന് രൂപം നല്‍കിയത്. ടാക്‌സി സൊസൈറ്റിയും ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് സഹകരണ സൊസൈറ്റിയും അഭിനന്ദനീയമായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെ അംഗങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. പുതിയ അംഗങ്ങള്‍ക്കും ഈ അവസരമാണ് ലഭ്യമാകുക. ഇതിന് പുറമെ സിയാലില്‍ തൊഴിലവസരങ്ങള്‍ക്ക് പ്രാപ്തമാക്കാന്‍ സൗജന്യമായി നൈപുണ്യവികസന പരിശീലനം നടപ്പിലാക്കാനും ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയരാജന്‍ വി. എന്നിവര്‍ പങ്കെടുത്തു.

 

Spread the love