വിദ്യാര്‍ത്ഥികള്‍ക്ക് ഏവിയേഷന്‍ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് കണ്ടും ചെയ്തും പഠിക്കാനുള്ള അവസരമാണ് സി.ഐ.എ.എസ്.എല്‍ അക്കാദമി ഒരുക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജെ പൂവത്തില്‍ പറഞ്ഞു.
കൊച്ചി: വ്യോമയാന രംഗത്ത് ഏറെ തൊഴില്‍ സാധ്യതയേറിയ വ്യത്യസ്ത കോഴ്‌സുകളുമായി കൊച്ചി എയര്‍പോര്‍ട്ടിന്റെ(സിയാല്‍) ഉപ സ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ്, എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ്ങില്‍ അഡ്വാന്‍സ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വ്വീസ് മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് റാംപ് സര്‍വീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആറു മാസം ദൈര്‍ഘ്യമുള്ളതുമാണ്.
ഏവിയേഷന്‍ മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് റാംപ് സര്‍വ്വീസ്, പാസഞ്ചര്‍ സര്‍വ്വീസ് കോഴ്‌സുകള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫൈറ്റിങ് കോഴ്‌സിലേക്ക് സയന്‍സ് ഐച്ഛികവിഷയമായി പ്ലസ്ടു പാസായവര്‍ക്കും അപേക്ഷിക്കാം. ഈ കോഴ്‌സിന് ഫിസിക്കല്‍ ടെസ്റ്റും വിദ്യാര്‍ത്ഥികള്‍ പാസാകണം. ക്ലാസ് റൂം പഠനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കിയാണ് സിലബസ് വിഭാവനം ചെയ്തിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഏവിയേഷന്‍ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് കണ്ടും ചെയ്തും പഠിക്കാനുള്ള അവസരമാണ് സി.ഐ.എ.എസ്.എല്‍ അക്കാദമി ഒരുക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജെ പൂവത്തില്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് തയാറാക്കിയിരിക്കുന്ന പാഠ്യപദ്ധതിയിലൂടെ തൊഴിലിടത്തിന് അനുയോജ്യമായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴ്‌സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്‌കില്‍, ആശയവിനിമയം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റുമാണ് ഈ കോഴ്‌സുകള്‍ക്ക് നല്‍കുന്നത്. കേരളത്തിലെ സര്‍വകലാശാല അംഗീകൃത ഏവിയേഷന്‍ കോഴ്‌സുകള്‍ നല്‍കുന്ന ഏക സ്ഥാപനമാണ് സിഐഎഎസ്എല്‍ അക്കാദമി. കൂടാതെ, കാനഡയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ അംഗീകാരവുമുണ്ട്. അതിനാല്‍ തന്നെ ആഗോളതലത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഇവിടുത്തെ കോഴ്‌സുകള്‍. ഓരോ കോഴ്‌സുകള്‍ക്കും 50 സീറ്റുകള്‍ വീതമാണുള്ളത്. ഏപ്രില്‍ 25 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.