കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍

പല മത്സ്യങ്ങളും മതിയായ വളര്‍ച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു.
കൊച്ചി: കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി മുന്നറിയിപ്പ്. മത്സ്യങ്ങളുടെ ജൈവപരമായ മാറ്റങ്ങള്‍, പാരിസ്ഥിതിക വ്യതിയാനങ്ങള്‍ തുടങ്ങി അനേകം പ്ര്യത്യാഘാതങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകുന്നതായി കൊച്ചിയില്‍ തുടങ്ങിയ ദേശീയ സെമിനാറില്‍ സമുദ്രശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആര്‍ഐ) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സോഷ്യല്‍ സയന്‍സും സംയുക്തമായാണ് ദ്വദിന സെമിനാര്‍ സംഘടിപ്പിക്കുന്നത്. മത്സ്യങ്ങളുടെ ജീവിതചക്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി സെമിനാറില്‍ അധ്യക്ഷത വഹിച്ച സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.  പല മത്സ്യങ്ങളും മതിയായ വളര്‍ച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു. നേരത്തെ, 410 ഗ്രാം തൂക്കമുണ്ടായിരുന്ന ആവോലി ഇപ്പോള്‍ 280 ഗ്രാം വളര്‍ച്ചയെത്തുമ്പോള്‍ തന്നെ പ്രജനന കാലയളവെത്തുന്നു.  മാത്രമല്ല, തീരദേശ ചെമ്മീനുകള്‍, മത്തി, അയല എന്നിവയുടെ വലിപ്പവും പ്രത്യുല്‍പ്പാദന ശേഷിയും കുറയുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നു. ഭക്ഷ്യലഭ്യത, മഴ, സമുദ്രത്തിലെ ജലപ്രവാഹം, ഓക്‌സിജന്റെ അളവ് എന്നിവയിലുണ്ടായ മാറ്റങ്ങള്‍ കാരണം മത്തി പോലുള്ള മത്സ്യങ്ങള്‍ അനുകൂലമായ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യുന്നുവെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു. ഫിഷറി സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. കെ.ആര്‍. ശ്രീനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഇത് ജൈവവൈവിധ്യത്തിനും തീരദേശ സംരക്ഷണത്തിനും ഭീഷണിയാണ്. കാലാവസ്ഥാ പ്രവചനവും മത്സ്യലഭ്യതയെ കുറിച്ചുള്ള മുന്നറിയിപ്പുകളും കൂടുതല്‍ കൃത്യവും കാര്യക്ഷമവുമാക്കണമെന്നും അദ്ദേഹം പറ!ഞ്ഞു.
ലക്ഷദ്വീപിലെ ആവാസവ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചതായി കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡോ കെ. മുഹമ്മദ് കോയ ചൂണ്ടിക്കാട്ടി. കടല്‍പ്പുല്ല് നിറഞ്ഞ പ്രദേശങ്ങള്‍ നശിച്ചു. ഇത് പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കടല്‍പായല്‍ കൃഷി ചെയ്യുന്ന് ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയെ സഹായിക്കും. കാലാവസ്ഥാവ്യതിയാനം കാരണം 2000ത്തിന് ശേഷം തീരശോഷണം ഗണ്യമായി വര്‍ധിച്ചുവരികയാണെന്ന് സിക്കിം ഗവണ്‍മെന്റിന്റെ കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവ് പ്രൊഫ. വിനോദ് ശര്‍മ്മ പറഞ്ഞു. അറബിക്കടലില്‍ അടുത്തിടെയായി ചുഴലിക്കാറ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതിന് കാരണമാകുകയും തീരദേശ മേഖലകളില്‍ താമസിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു അദ്ദേഹം പറഞ്ഞു.ഡോ സുരജിത് മഹാലനോബിസ്, ഡോ ശോഭ ജോ കിഴക്കൂടന്‍, ഡോ പൂജ ശര്‍മ്മ എന്നിവരും സംസാരിച്ചു.
സെമിനാര്‍ ഇന്ന് സമാപിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു